തിടനാട് : ജനവാസ കേന്ദ്രത്തിലേക്ക് മലിനജലം ഒഴുക്കുന്ന ഫ്ലാറ്റുടമയ്ക്ക് പഞ്ചായത്ത് നോട്ടീസ് നൽകി. തിടനാട് ടൗണിന് സമീപത്തെ ഫ്ലാറ്റ് സമുച്ചയത്തിൽനിന്ന് മലിനജലം പുറത്തേക്ക് ഒഴുകുന്നതായി സമീപവാസികൾ ആരോഗ്യവകുപ്പിലും പഞ്ചായത്തിലും പരാതി നൽകിയിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് പഞ്ചായത്ത് നോട്ടീസ് നൽകിയത്. ഏഴ് ദിവസത്തിനുള്ളിൽ ആവശ്യമായ സൗകര്യം ഏർപ്പെടുത്തിയില്ലെങ്കിൽ നടപടി സ്വീകരിക്കുമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയതെന്ന് പഞ്ചായത്ത് പ്രസിഡന്റ് സുജ ബാബു അറിയിച്ചു.
ഫ്ലാറ്റിലെ മലിനജലം ശേഖരിക്കുന്ന ടാങ്കിൽ നിന്നാണ് വെള്ളം പുറത്തേയ്ക്ക് ഒഴുകുന്നത്. അഞ്ച് കുടുംബങ്ങളാണ് ഇപ്പോൾ താമസിക്കുന്നത്.
ടാങ്കിൽ നിന്നുള്ള മലിനജലം അയൽവാസികൾ ഉപയോഗിക്കുന്ന റോഡിലെത്തുന്നുണ്ട്. വെള്ളം ഒഴുകിയെത്തി തങ്ങളുടെ കുടിവെള്ള സ്രോതസ് മലിനമാകുമോയെന്ന ഭീതിയിലാണ് അയൽവാസികൾ.