കൂട്ടിക്കൽ: പതിറ്റാണ്ടുകൾകൊണ്ട് വളർത്തിയെടുത്ത കൂട്ടിക്കൽ, ഏന്തയാർ, ഇളംകാട് ഗ്രാമങ്ങൾ അതിശക്തമായ മലവെള്ളപ്പാച്ചിലിൽ നാമാവശേഷമായി. വീടുകൾ, കൃഷിയിടങ്ങൾ വ്യാപാരസ്ഥാപനങ്ങൾ, റോഡുകൾ, പാലങ്ങൾ, കുടിവെള്ളപദ്ധതികൾ തുടങ്ങി പലതും പൂർണമായി നശിച്ചു. നാലുമണിക്കൂർ നീണ്ട പ്രളയം കൂട്ടിക്കലിനെ അരനൂറ്റാണ്ട് പിന്നോട്ടടിച്ചെന്നാണ് നാട്ടുകാർ പറയുന്നത്.

കഷ്ടപ്പാടുകൾക്കൊടുവിൽ പണിതുയർത്തിയും സർക്കാർ നൽകിയതുമടക്കം നൂറുകണക്കിന് കുടുംബങ്ങൾക്കാണ് കിടപ്പാടം നഷ്ടമായത്. സ്വന്തമായി ഒരുപിടി മണ്ണുപോലും ഇനി സ്വന്തമായില്ലെന്ന് വിവിധ ക്യാമ്പുകളിൽ കഴിയുന്ന അഭയാർഥികൾ കണ്ണീരോടെ പറയുന്നു.

പഴയ കൂട്ടിക്കലിനെ വീണ്ടെടുക്കാനും കിടപ്പാടമൊരുക്കാനും കോടികൾ വേണ്ടിവരുമെന്നും ഔദ്യോഗിക കണക്കെടുപ്പ് പൂർത്തിയാക്കിയാൽ മാത്രമേ നഷ്ടത്തിന്റെ തോത് അറിയാൻ കഴിയൂയെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ പറഞ്ഞു.

പ്രദേശങ്ങൾ ഒറ്റപ്പെട്ടു

കോട്ടയം-ഇടുക്കി ജില്ലകളെ ബന്ധിക്കുന്ന ചപ്പാത്ത്, ഏന്തയാർ- മുക്കുളം എന്നീ പ്രധാന പാലങ്ങൾ തകർന്നതോടെ മറുകരയിലെ നൂറുകണക്കിന് കുടുംബങ്ങൾ പൂർണമായി ഒറ്റപ്പെട്ടു. സന്നദ്ധപ്രവർത്തകരുടെയും പോലീസിന്റെയും അഗ്നിരക്ഷാസേനയുടെയും നേതൃത്വത്തിൽ ആളുകളെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇപ്പോഴും മാറ്റിക്കൊണ്ടിരിക്കുന്നു.

ഉയർന്ന പ്രദേശങ്ങളായ ഇളംകാട് ടോപ്പ്, വല്യേന്ത, മ്ലാക്കര, മുക്കുളം, വടക്കേമല, ഉറുമ്പിക്കര തുടങ്ങിയ പ്രദേശങ്ങളിലെ വർഷങ്ങൾകൊണ്ട് പൂർത്തിയാക്കിയ റോഡുകളെല്ലാം പൂർണമായി നശിച്ചു. കൂട്ടിക്കൽ പഞ്ചായത്തിലെ ജലനിധിയടക്കമുള്ള കോടിക്കണക്കിന് രൂപയുടെ കുടിവെള്ളപദ്ധതികൾ നാമവശേഷമായി. ഏന്തയാർ, ഇളംകാട്, മ്ലാക്കര, ഒറ്റമരം എന്നീ പ്രദേശങ്ങളിൽ നിരവധി പഞ്ചായത്ത് റോഡുകൾ തകർന്നു.

ഏന്തയാർ കുപ്പായക്കുഴി, ഒറ്റമരം, കൊടുങ്ങ സ്‌കൂളിന് സമീപത്തെ പാലം എന്നിവ പൂർണമായി തകർന്നു. മ്ലാക്കര കുന്നിലെ നിരവധി വീടുകളാണ് പൂർണായും ഭാഗികമായും നശിച്ചത്. വഴികളില്ലാത്തതിനാൽ പലരെയും ഏറെ ബുദ്ധിമുട്ടിയാണ് ക്യാമ്പുകളിലേക്ക് എത്തിക്കുന്നത്. പ്രധാനമായും ഏന്തയാറിനെ ആശ്രയിക്കുന്ന ഇടുക്കി ജില്ലയുടെ ഭാഗമായ പ്രദേശങ്ങളിലെ ആളുകൾക്ക് 10 കിലോമീറ്ററിലധികം ചുറ്റിവേണം ഇപ്പോൾ എത്താൻ.

ആഴംകുറഞ്ഞത് പ്രളയത്തിന്റെ ആക്കംകൂട്ടി

കാലാകാലങ്ങളായി ഉരുൾപൊട്ടലിനെ തുടർന്ന് പുല്ലകയാറ്റിൽ മണ്ണുംകല്ലും നിറഞ്ഞതോടെ ആറിന്റെ ആഴം കുറഞ്ഞുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഇതോടെയാണ് ചെറിയ മഴ പെയ്യുമ്പോൾപോലും പ്രദേശത്ത് വീടുകളിലും പുരയിടങ്ങളിലും വെള്ളംകയറാൻ കാരണം.