തലയോലപ്പറമ്പ്: തലയോലപ്പറമ്പിനെയും സമീപപാടശേഖരങ്ങളെയും പച്ചപ്പണിയിക്കുന്ന കുറുന്തറപ്പുഴ നശിക്കുന്നു. പായലും മാലിന്യവും പുഴയ്ക്ക് ഭീഷണിയാണ്. പലയിടത്തും ഒഴുക്ക് നിലച്ച നിലയിലാണ്. ജലമലിനീകരണം ഏറ്റവും ഉയർന്ന നിലയിലും.
ഗ്രാമപ്പഞ്ചായത്തിന്റെ ഏറ്റവും ഉയർന്ന പ്രദേശമായ ദേവസ്വം ബോർഡ് കോളേജ് കുന്നുകളുടെ അടിവാരത്തിൽനിന്നാണ് പുഴ ഉത്‌ഭവിക്കുന്നത്. അടിയം പാടത്തിന്റെ നടുവേ ഒഴുകി തലയോലപ്പറമ്പ് മത്സ്യമാർക്കറ്റും പോലീസ് സ്റ്റേഷൻ കടവും കടന്ന് ഒഴുകുന്ന കുറുന്തറപ്പുഴ നൂറുകണക്കിന് കിണറുകളുടെ ജലനിരപ്പിനെ നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു.
വൈക്കം-കോട്ടയം ഉൾനാടൻ ടൂറിസ്റ്റ് ജലപാതയിൽ തലയോലപ്പറമ്പിനെയും ഉൾപ്പെടുത്തുകയാണെങ്കിൽ ഇൗ പുഴയുടെ നവീകരണവും നടത്താനാകും. ആറാട്ടുകടവിലെ ഇടുങ്ങിയ കലുങ്ക് നീക്കം ചെയ്ത് ഒരു ചെറിയ പാലം നിർമ്മിക്കുകയാണെങ്കിൽ ഒഴുക്ക് സുഗമമാക്കാം.
കുറുന്തറപ്പുഴയുടെ ഏറ്റവും വീതി കൂടിയ ഭാഗത്താണ് ഈ കലുങ്ക് തടസ്സമുണ്ടാക്കുന്നത്. പുഴയെ വിഭജനം ചെയ്തിരിക്കുന്ന നിലയാണ്. പോലീസ് സ്റ്റേഷൻ കടവ് മുതൽ ഈ കലുങ്ക് വരെയുള്ള ഭാഗം ഒരു വലിയ കുന്ന് പോലെ മാലിന്യം നിറഞ്ഞ നിലയിലാണ്. ഇവിടെ ഒരു പാലം സ്ഥാപിതമായാൽ അടിയം പാടശേഖരത്തിൽനിന്ന് കുറുന്തറപ്പുഴയിലേക്ക് ജലപ്രവാഹം കാര്യമായ തോതിൽ വർധിക്കും.
കുറുന്തറപ്പുഴയെ വടയാർ അപ്പർകുട്ടനാട് മേഖല കരിനിലങ്ങളുമായി ബന്ധിപ്പിക്കുന്ന കോരിക്കൽ പാലം വളരെ താഴ്ന്ന നിലയിലാണ് സ്ഥിതിചെയ്യുന്നത്. ഇതും പുനർനിർമ്മിക്കേണ്ടതുണ്ട്. കുറുന്തറപ്പുഴയുടെ അപാകം പരിഹരിച്ച് നീരൊഴുക്ക് നിലനിർത്താനുള്ള നടപടി താമസിയാതെയുണ്ടാകുമെന്ന് മൈനർ ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ എ.ഇ.സുനിൽ പറഞ്ഞു.