തലയോലപ്പറമ്പ് : കൂട്ടംകൂടിയെത്തിയ യുവതികളെ ചോദ്യംചെയ്യാത്തതിൽ നാട്ടുകാർ പ്രതിഷേധിച്ചു. പഞ്ചായത്ത് അംഗം ഉൾപ്പെടെ നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റം. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ ഇറുമ്പയം മുസ്‌ലീം പള്ളിക്കുസമീപമാണ് സംഭവം.
രണ്ട് വാഹനത്തിലാണ് 25 യുവതികൾ എത്തിയത്. കൊറോണയെ തുടർന്ന് യാത്രാനിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വിവരം വെള്ളൂർ പോലീസിനെ അറിയിച്ചു. അരമണിക്കൂർ വൈകിയാണ് പൊലീസ് സ്ഥലത്തെത്തിയത്. തിരുവല്ല സ്വദേശികളാണെന്നും കാർഷികവിത്തുകളുടെ ഓർഡർ എടുക്കാനെത്തിയവരാണെന്നും നാട്ടുകാരോട് പറഞ്ഞു.
ഇവരെത്തിയ വാഹനം കേടായതാണ് വഴിയിൽ കുടുങ്ങാൻ കാരണം. സ്ഥലത്തെത്തിയ േപാലീസ് വിശദാംശങ്ങൾ തിരക്കാതെ യുവതികളെ വാഹനത്തിൽ കയറ്റിവിട്ടു. ഇത്രയുംപേർ വീടുകൾ കയറിയിറങ്ങിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് പറഞ്ഞ് നാട്ടുകാർ പ്രകോപിതരായി. ഇത് ചോദ്യം ചെയ്‌തതോടെയാണ് നാട്ടുകാരും പോലീസും തമ്മിൽ വാക്കേറ്റമായത്. ബന്ധപ്പെട്ട അധികാരികൾക്ക് പരാതി നൽകുമെന്ന് പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവർ പറഞ്ഞു.