തലയോലപ്പറമ്പ് : മലയാളസാഹിത്യത്തിലെ കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 26-ാമത് ചരമവാർഷിക ദിനമായ ഞായറാഴ്ച ബഷീർ കഥാപാത്രങ്ങളെ സാക്ഷി നിർത്തി ജന്മനാട്ടിൽ ബഷീർ അനുസ്മരണം നടക്കും. വൈക്കം മുഹമ്മദ് ബഷീർ ഭാര്യ ഫാബിയുമായി 1960 മുതൽ 1964 വരെ കുടുംബസമേതം താമസിച്ചിരുന്ന തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിലാണ് ബഷീറോർമ്മകളുമായി കഥാപാത്രങ്ങൾ സംഗമിക്കുന്നത്.
തലയോലപ്പറമ്പ് കേന്ദ്രമായി 26 വർഷമായി പ്രവർത്തിക്കുന്ന വൈക്കം മുഹമ്മദ് ബഷീർ സ്മാരക സമിതി, ഫെഡറൽ ബാങ്ക്, ബഷീർ അമ്മ മലയാളം എന്നിവർ ചേർന്നാണ് വ്യത്യസ്തമായ അനുസ്മരണം നടത്തുന്നത്. കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചാണ് ചടങ്ങ്.
ബഷീറിന്റെ കുടുംബകഥയായ പാത്തുമ്മായുടെ ആടിലെ കഥാപാത്രങ്ങളായ പാത്തുക്കുട്ടി, സെയ്തുമുഹമ്മദ്, ഖദീജ, ആരിഫ എന്നിവരും മറ്റു കുടുംബാംഗങ്ങളും ബഷീറിന്റെ ഭാർഗവിനിലയമായിരുന്ന തലയോലപ്പറമ്പിലെ ഫെഡറൽ നിലയത്തിൽ എത്തി ബഷീർ കൃതികളുടെ വായനയ്ക്ക് നേതൃത്വം നൽകും.
ബഷീർ ഭാർഗവീനിലയം എഴുതി പൂർത്തീകരിച്ചത് ഇപ്പോൾ ഫെഡറൽ ബാങ്ക് ശാഖ പ്രവർത്തിക്കുന്ന സ്ഥലത്തുണ്ടായിരുന്ന വീട്ടിലായിരുന്നു.
കോഴിക്കോട്ടേക്ക് താമസം മാറ്റേണ്ടിവന്നതിനാൽ ഇൗ വീട് പിന്നീട് ബഷീർ ഫെഡറൽ ബാങ്കിന് വിൽക്കുകയായിരുന്നു. ബാങ്കിന്റെ മുറ്റത്ത് രാവിലെ 10.30-ന് സമിതി വൈസ് ചെയർമാൻ എം.ഡി.ബാബുരാജിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സി.കെ.ആശ എം.എൽ.എ. ബഷീർ വായന അനുസ്മരണവും ചിത്രപ്രദർശനവും ഉദ്ഘാടനം ചെയ്യും.
കോട്ടയം ഡെപ്യൂട്ടി കളക്ടറും ബഷീർ കുടുംബാംഗവുമായ കെ.എ.മുഹമ്മദ് ഷാഫി മുഖ്യാതിഥിയാകും. സമിതി വൈസ് ചെയർമാൻ മോഹൻ ഡി.ബാബു, വൈസ് ചെയർപേഴ്‌സൺ പ്രൊഫ. കെ.എസ്.ഇന്ദു, ജനറൽ സെക്രട്ടറി പി.ജി.ഷാജിമോൻ, ട്രഷറർ ഡോ. യു.ഷംല, ജോ. സെക്രട്ടറി കെ.എം.ഷാജഹാൻ, ഫെഡറൽ ബാങ്ക് സീനിയർ മാനേജർ ആർ.കലാദേവി തുടങ്ങിയവർ ബഷീർ കൃതികൾ വായിക്കും.
ബഷീർ സ്മാരക സമിതി ഏർപ്പെടുത്തിയ ബഷീർ ബാല്യകാലസഖി പുരസ്‌കാരം പെരുമ്പടവം ശ്രീധരനും ബഷീർ അമ്മ മലയാള പുരസ്‌കാരം ഡോ. വി.പി.ഗംഗാധരനും ഒക്ടോബർ അവസാനവാരം നൽകുമെന്ന് ബഷീർ സ്മാരക സമിതി ചെയർമാൻ കിളിരൂർ രാധാകൃഷ്ണനും ജനറൽ സെക്രട്ടറി പി.ജി.ഷാജിമോനും അറിയിച്ചു.