തലയോലപ്പറമ്പ്: ആറുവർഷം മുമ്പുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വടകര ശ്രീവിഹാറിൽ നിലയത്തിൽ യശോധരന്റെയും അജിതയുടെയും മകൾ അനുശ്രീ ഇപ്പോഴും ചികിത്സയിലാണ്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മുതൽ വിവിധ സ്വകാര്യ ആശുപത്രികളുൾപ്പെടെ ചികിത്സ തുടരുകയാണ്.

കൂലിപ്പണിക്കാരനായ അച്ഛന് ലഭിക്കുന്ന വേതനം മുഴുവൻ മകളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു. ഏഴാംക്ളാസിൽ പഠിക്കുന്ന കുട്ടിയുടെ വലതുകാൽ അരക്കെട്ടിൽ വെച്ച്‌ സ്ഥാനം തെറ്റുന്ന സ്ഥിതിയിലാണ്. ഇതിന്‌ വിദഗ്ധ ചികിത്സ ആവശ്യമാണ്‌. ഇനിയും വൈകിയാൽ കുട്ടിയുടെ ഭാവിയെ ബാധിക്കുമെന്ന്‌ ഡോക്ടർമാർ പറയുന്നു. പാലക്കാട്, ആലുവ എന്നിവിടങ്ങളിലെ ആശുപത്രികളിലാണ്‌ ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ളത്.

ആലുവയിലെ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് ഇപ്പോൾ ചികിത്സ. ശസ്ത്രക്രിയയ്ക്കും തുടർന്നുള്ള ആറുമാസത്തെ വിശ്രമത്തിനും നാലുലക്ഷം രൂപയോളം വേണ്ടിവരുമെന്ന് ആശുപത്രി അധികൃതർ പറയുന്നു. കുട്ടിയുടെയും കുടുംമ്പത്തിന്റെയും നിജസ്ഥിതി മനസിലാക്കിയ വിദ്യാർഥി പഠിക്കുന്ന എ.ജെ.ജോൺ സ്കൂൾ അധ്യാപകരും വിദ്യാർഥികളും ചേർന്ന് സ്വരൂപിച്ച 2,00,00 രൂപ പ്രഥമാധ്യാപിക ഡോ. യു.ഷംലയുടെ നേതൃത്വത്തിൽ ക്ലാസ് ടീച്ചർ രാജി കൈമാറി.

മകളുടെ രോഗം ഭേദമാക്കാൻ വേണ്ട പണം കണ്ടെത്താൻ ഈ കുടുംബം പാടുപെടുകയാണ്. ഈവിദ്യാർഥിയെ സഹായിക്കാൻ പി.ടി. പ്രസിഡന്റുമായി ചേർന്ന്‌ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് തലയോലപ്പറമ്പ് ജോയിന്റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട്‌ നമ്പർ: 40541101017609, ഐ.എഫ്‌.എസ്‌.സി. കെ.എൽ.ജി.ബി.0040541.