നീട്ടിയെറിഞ്ഞ കയർ സ്കൂട്ടറിൽ കുരുങ്ങി
അപകടത്തില്‍ പരിക്കേറ്റ ജിഷ,
അമ്മ മോളി എന്നിവര്‍.

ഏറ്റുമാനൂർ : ഓട്ടോറിക്ഷയുടെ മുകളിൽ പ്ലാസ്റ്റിക് വാട്ടർ ടാങ്ക് കെട്ടിവെയ്ക്കാനായി നീട്ടിയെറിഞ്ഞ കയർ സ്കൂട്ടറിൽ കുരുങ്ങി, നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് അമ്മയ്ക്കും മകൾക്കും ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞ ദിവസം രാവിലെ 10.30-ന് എം.സി.റോഡിൽ ഏറ്റുമാനൂർ തവളക്കുഴിക്ക് സമീപമായിരുന്നു അപകടം. കാണക്കാരി പാൽ സൊസൈറ്റി ജീവനക്കാരി കോതനല്ലൂർ കുളങ്ങര വീട്ടിൽ ജിഷ (38), അമ്മ മോളി ജോർജ് (60) എന്നിവർക്കാണ് പരിക്കേറ്റത്. മോളിയെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയ്ക്ക് കൊണ്ടുപോയതിനുശേഷം സ്കൂട്ടറിൽ വീട്ടിലേക്ക്‌ മടങ്ങുകയായിരുന്നു ഇവർ. നീട്ടിയെറിഞ്ഞ കയർ ചുറ്റുകളായാണ് സ്കൂട്ടറിൽ വീണത്.

നീട്ടിയെറിഞ്ഞ കയർ സ്കൂട്ടറിൽ കുരുങ്ങി

ജിഷയുടെ വലതുകാലിന്റെ മുട്ടുചിരട്ട പൊട്ടി. വലതുകൈമുട്ടിനും പൊട്ടലുണ്ട്. ശരീരം മുഴുവൻ ചതഞ്ഞനിലയിലാണ്. മോളിയുടെ തല റോഡിലിടിച്ചു പരിക്കേറ്റു. വലതുകൈമുട്ടിന് പൊട്ടലുണ്ട്. തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണിവർ. സാനിട്ടറി ഉത്പന്നങ്ങൾ വിൽക്കുന്ന കടയുടെ മുന്നിലായിരുന്നു ഓട്ടോറിക്ഷ. ഏറ്റുമാനൂർ പോലീസ് കേസെടുത്തു.