ഗാന്ധിനഗർ : മുൻകൂട്ടി ബുക്കുചെയ്തവർക്ക് വാക്സിൻ ലഭിച്ചത് മണിക്കൂറുകൾക്ക് ശേഷം. ആരോഗ്യവകുപ്പ് കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ വാക്സിൻ ക്യാമ്പിലാണ് സംഭവം. മുൻകൂട്ടി ബുക്കുചെയ്തവരെ പരിഗണിക്കാതിരുന്നതും ക്രമം തെറ്റിച്ചതും വാക്കുതർക്കത്തിനും സംഘർഷത്തിനും കാരണമായതോടെ ക്യാന്പ് മണിക്കൂറുകൾ വൈകി.

സർക്കാർ സൈറ്റിൽ ഒൻപതരയ്ക്ക് ബുക്കുചെയ്ത് എത്തിയവർക്കുപോലും വാക്സിൻ ലഭിച്ചത് നാലുമണിയോടെ. ആരോഗ്യവകുപ്പ് നേരിട്ട് നടത്തുന്ന വാക്സിൻ ക്യാമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി ബ്ലോക്കിലായിരുന്നുനടന്നത്. സർക്കാർ സൈറ്റിൽ സമയക്രമം ഉൾെപ്പടെ ബുക്കുചെയ്ത് എത്തിയവർക്ക് ഒരു നിർദേശവും ആരും നൽകിയില്ല. ഇതോടെ വന്നവർ കൂട്ടമായി നിൽക്കുകയും തിക്കിത്തിരക്കി അകത്തുകയറുകയും ചെയ്തു. അതോടെ ഇവിടെ സാമൂഹിക അകലം പാലിച്ചവർ പുറകിലായി. മറ്റുള്ളവർ അകത്തുകയറുകയും ചെയ്തു.

ഇതിനിടയിൽ വൈകി ബുക്കുചെയ്തവർ നേരത്തേ എത്തി വരിയിൽ സ്ഥാനംപിടിച്ചതും ചിലർ സ്വാധീനത്താൽ നേരിട്ട് കയറിപ്പോയതും വാക്കുതർക്കത്തിനും നേരിയ സംഘർഷത്തിനും കാരണമായി. തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെി സ്ഥിതി ശാന്തമാക്കി. ബുക്കിങ് സമയമനുസരിച്ച് വരി നിർത്താത്തതും ടോക്കൺ സംവിധാനം ഏർപ്പെടുത്താത്തതുമാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മണിക്കൂറുകൾ വൈകിയതിനെ തുടർന്ന് പലർക്കും ഭക്ഷണംപോലും കഴിക്കാൻ സാധിച്ചില്ല. ചിലർ തിരിച്ചുപോകുകയും ചെയ്തു. 400 പേർക്കാണ് വെള്ളിയാഴ്ച വാക്സിൻ നൽകിയത്. ക്യാമ്പ് ആരോഗ്യവകുപ്പിന്റേതാണെന്നും സ്ഥലം നൽകിയതേയുള്ളൂവെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.