പൊൻകുന്നം: റബ്ബറിന്റെ താങ്ങുവില 150 രൂപയായി നിശ്ചയിച്ച് വിപണിവിലയുടെ അന്തരം കർഷകന് നൽകുന്ന പദ്ധതിപ്രകാരമുള്ള ഫണ്ട് ആറുമാസമായി കിട്ടുന്നില്ലെന്ന് പരാതി. 2018 ഏപ്രിൽ വരെയുള്ള തുകയാണ് കർഷകർക്ക് ബാങ്ക് അക്കൗണ്ടുകളിൽ കിട്ടിയത്. അതിനുശേഷം ആറുമാസത്തെ തുക ബില്ലുകൾ ഹാജരാക്കിയ കർഷകർക്ക് ലഭിക്കാനുണ്ട്.

2015 ജൂലായിലാണ് സംസ്ഥാന സർക്കാർ വിലസ്ഥിരതാഫണ്ട് തുടങ്ങിയത്. ഉത്തരവ് നമ്പർ 269/2015 പ്രകാരം 2015 ജൂലൈ ഏഴിനാണ് പദ്ധതി നിലവിൽവന്നത്. താങ്ങുവിലയും അതത് ദിവസം റബ്ബർബോർഡ് പ്രസിദ്ധീകരിക്കുന്ന വിപണിവിലയും തമ്മിലുള്ള അന്തരമാണ് കർഷകർക്ക് നൽകേണ്ടത്. ആർ.പി.എസുകൾ വഴി രജിസ്റ്റർ ചെയ്ത കർഷകർക്ക് പ്രതിമാസം 150 കി.ഗ്രാം.വരെ റബ്ബറിനാണ് താങ്ങുവിലയുടെ ആനുകൂല്യം നൽകിയിരുന്നത്. വിപണിയിൽ റബ്ബർ വിറ്റതിന്റെ ബിൽ സാക്ഷ്യപ്പെടുത്തി ആർ.പി.എസുകൾ വഴി സമർപ്പിച്ചാണിത് നൽകുന്നത്.

ഇത്തരത്തിൽ എല്ലാമാസവും കർഷകർ ബില്ലുകൾ സമർപ്പിക്കുന്നുണ്ടെങ്കിലും നിലവിൽ കർഷകർക്ക് ആനുകൂല്യം ലഭിക്കുന്നില്ല. വിപണിവില ഇപ്പോൾ 125 രൂപയിൽ താഴെയാണ്. 150 കി.ഗ്രാം റബ്ബറിന് 25 രൂപവീതം മാസംതോറും കിട്ടാൻ അർഹതയുള്ളവരാണ് ഭൂരിഭാഗം കർഷകരും.