ഗാന്ധിനഗർ(കോട്ടയം): കുരുമുളകുപൊടിയെന്ന് കരുതി ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കഴിച്ച യുവദമ്പതിമാരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മീനച്ചിൽ വട്ടക്കുന്നേൽ ജസ്റ്റിൽ (22), ഭാര്യ ശാലിനി (22) എന്നിവരെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

സംഭവത്തെക്കുറിച്ച് ഡോക്ടർമാരോട് ദമ്പതിമാർ പറഞ്ഞത്: ചൊവ്വാഴ്ച രാത്രി മീൻ വറുത്തുകൊണ്ടിരിക്കുന്നതിനിടയിൽ വൈദ്യുതിബന്ധം തകരാറിലായി. ഈ സമയം അടുക്കളയിൽതന്നെ ടിന്നിൽ സൂക്ഷിച്ചിരുന്ന എലിവിഷം കുരുമുളകുപൊടിയാണെന്ന് ധരിച്ച് അറിയാതെ മീൻ വറുത്തതിൽ ഇടുകയായിരുന്നു. പിന്നീട് ഇത് അറിയാതെ മീൻ വറുത്തത് കഴിച്ചു. ഭക്ഷണത്തിനുശേഷം അല്പം കഴിഞ്ഞപ്പോൾ ഛർദിയുണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വിവരം മനസ്സിലായത്. ഉടൻതന്നെ പാലാ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചു. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ലെന്ന് ഡോക്ടർമാർ അറിയിച്ചു.