കോട്ടയം : ലോകത്ത് ഒരിടത്തുമില്ലാത്ത കാലഹരണപ്പെട്ട ഒരു ആശയമാണ് ഇടതുപക്ഷത്തിന്റേതെന്ന് സിനിമാതാരം രമേഷ് പിഷാരടി. ഇതിന്റെ പല ആശയങ്ങളും പ്രാവർത്തികമല്ല. ഇവർ സമത്വം എന്നുപറയുന്നു, ആയിരം കാക്കയെ എടുത്താൽ ഒരുപോലെയിരിക്കും എന്നാൽ, ആയിരം മനുഷ്യരെ എടുത്താൽ അത് ഒരിക്കലും ഒരുപോലെയല്ല, വ്യത്യസ്തമാണ്. അതുകൊണ്ട് ഒരിക്കലും നടക്കാത്ത ഉട്ടോപ്യൻ ആശയങ്ങളാണ് അതെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയം സൗഹൃദവേദി സംഘടിപ്പിച്ച ‘യുവത്വത്തിനൊപ്പം തിരുവഞ്ചൂർ’ എന്ന സംവാദ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു രമേഷ് പിഷാരടി. കോട്ടയത്തെ വിവിധ കോളജുകളിലെ വിദ്യാർഥികളുമായി അദ്ദേഹവും തിരുവഞ്ചൂർ രാധാകൃഷ്ണനും സംവാദം നടത്തി. സംവാദത്തിനിടെ എന്തുകൊണ്ട് കോൺഗ്രസിൽചേർന്നു എന്ന്‌ ചോദിച്ചതിനു മറുപടി പറയുകയായിരുന്നു രമേഷ്‌ പിഷാരടി.

ഒരു രാഷ്‌ട്രീയ പാർട്ടിയെ തിരഞ്ഞെടുക്കുമ്പോൾ ആ പാർട്ടിയുടെ നയം എന്താണ്, കാഴ്ച്ചപ്പാടുകൾ എന്താണ്, പാർട്ടിയുടെ ചരിത്രമെന്താണ്, ഭാവിയിലേക്ക് അവരെന്താണ് നോക്കുന്നത്. ഇത്രയും കാര്യങ്ങൾ നോക്കേണ്ടതായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കോൺഗ്രസിൽ നേതാക്കളുടെ നിലപാടിൽ എതിർപ്പുണ്ടേൽ ജനാധിപത്യപരമായി അത് പറയുകയും അവരോടൊപ്പം ഇരിക്കുകയും ചെയ്യാം. എന്നാൽ, ജനാധിപത്യം പറയുന്ന പലസ്ഥലത്തും ഇന്ന് അതില്ല,’-അദ്ദേഹം പറഞ്ഞു.

കുട്ടികളുമായി ആശയങ്ങൾ പങ്കുവച്ച് തിരുവഞ്ചൂരും ഇടയ്ക്ക് നർമംവിതറി രമേഷ് പിഷാരടിയും സംവാദം കൊഴുപ്പിച്ചപ്പോൾ പാട്ടുപാടിയും തിരുവഞ്ചൂരിന്റെ ചിത്രംവരച്ചും കുട്ടികളും ആഘോഷമാക്കിമാറ്റി.

കോട്ടയം സൗഹൃദവേദി ഭാരവാഹികളായ ടി.എസ്.അൻസാരി, അർജുൻ രാധാകൃഷ്ണൻ, ശ്രീകാന്ത് കളരിക്കൽ, രഞ്ജിത്ത് എം.ആർ. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.