രാമപുരം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാമപുരം ഗവ. ആശുപത്രിയിലേക്കുള്ള താത്‌കാലിക നിയമനത്തിനുള്ള ഇന്റവ്യൂ മുടങ്ങി. കഴിഞ്ഞ ദിവസം നടത്താനിരുന്ന നഴ്സ്, നഴ്സിങ് അസിസ്റ്റന്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ, അറ്റൻഡർ തുടങ്ങിയ തസ്തികകളിലേക്കുള്ള നിയമനമാണ് മുടങ്ങിയത്.
ആശുപത്രി മെഡിക്കൽ ഓഫീസറുടെ അനാസ്ഥ മൂലമാണ് ഇന്റർവ്യൂ മുടങ്ങിയതെന്ന് ജനപ്രതിനിധികളും വിവിധ കക്ഷിനേതാക്കളും ആരോപിക്കുന്നു. ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിക്കാണ് ഇന്റർവ്യൂ നടത്തി നിയമനം നടത്താനുള്ള അധികാരം എന്നിരിക്കെ കമ്മിറ്റി അംഗങ്ങളെ ആരെയും മെഡിക്കൽ ഓഫീസർ അപേക്ഷ സംബന്ധിച്ചുള്ള യാതൊരു വിവരവും അറിയിച്ചിട്ടില്ലെന്ന് കമ്മിറ്റി അംഗങ്ങൾ പറയുന്നു.
അഞ്ഞൂറോളം അപേക്ഷകരുണ്ടായിട്ടും 17പേരെ മാത്രമാണ് അഭിമുഖത്തിന് ക്ഷണിച്ചതെന്നും ഇവരെ തിരഞ്ഞെടുത്ത മാനദണ്ഡം എന്താണെന്ന് വ്യക്തമല്ലെന്നും ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങളായ പ്രതിനിധികളും രാഷ്ട്രീയ പ്രതിനിധികളും പറയുന്നു. സുതാര്യമല്ലാത്ത തരത്തിൽ നിയമനം നടത്താൻ ശ്രമിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റ് ബൈജു ജോൺ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഡി.എം.ഒ. എന്നിവർക്ക് പരാതി നൽകി. ഇന്റർവ്യൂ ബോർഡിൽ താൻ അംഗമല്ലെന്നും ബ്ലോക്ക് പ്രസിഡന്റാണ് പൂർണ അധികാരി എന്നും ഇത് സംബന്ധിച്ചുള്ള കാര്യങ്ങളൊന്നും അറിയില്ലെന്നും മെഡിക്കൽ ഓഫീസർ ഡോ. സുകുമാരൻ പറഞ്ഞു.