രാമപുരം: കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതിക്കെതിരേ കോൺഗ്രസ് രംഗത്ത്. രാമപുരം ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
മുൻധാരണ പ്രകാരം അവസാനത്തെ ഒരു വർഷം കോൺഗ്രസിന് ലഭിക്കേണ്ട പ്രസിഡന്റ് സ്ഥാനം നൽകാത്തതാണ് പിന്തുണ പിൻവലിക്കാൻ കാരണമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡി.പ്രസാദ് ഭക്തിവിലാസ് പറഞ്ഞു. ജോസ് വിഭാഗക്കാരനായ പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കാൻ തയ്യാറായില്ലന്ന് കോൺഗ്രസ് ആരോപിച്ചു.
സഖ്യമില്ലെന്ന് കേരള കോൺഗ്രസ് അടുത്ത കാലത്ത് നടന്ന അമനകര ഉപതിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തി മത്സരിപ്പിച്ചതാണ് സഖ്യത്തിൽ വിള്ളൽവീഴാൻ കാരണമെന്ന് പ്രസിഡന്റ് ബൈജു ജോൺ പറഞ്ഞു. ഉടമ്പടികൾ ഇരുകൂട്ടർക്കും ബാധകമാണ്. കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ഗ്രൂപ്പുകളിയുടെ ഭാഗമാണ് പിന്തുണ പിൻവലിക്കലെന്നും കോൺഗ്രസ് പ്രതിനിധിയായ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ രാജി വെയ്‌പിക്കാനുള്ള തന്ത്രമാണിതെന്നും ബൈജു ജോൺ പറഞ്ഞു.
കക്ഷിനില 18 വാർഡുകളുള്ള ഗ്രാമപ്പഞ്ചായത്തിൽ ഒരു കോൺഗ്രസ് അംഗത്തിന് വോട്ടവകാശം നഷ്ടമായി. പിന്നീടുള്ള 17 പേരിൽ കേരള കോൺഗ്രസ്-ഏഴ്, കേരള കോൺഗ്രസ് സ്വതന്ത്രർ-രണ്ട്, കോൺഗ്രസ്-മൂന്ന്, ബി.ജെ.പി.-രണ്ട്, സി.പി.എം.-ഒന്ന്, സി.പി.ഐ.-ഒന്ന്, എൻ.സി.പി-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.
കേരള കോൺഗ്രസ് അംഗങ്ങളിൽ ഒരാൾ കേരള കോൺഗ്രസ് പി.ജെ.ജോസഫ് വിഭാഗം മണ്ഡലം പ്രസിഡന്റാണ്. ജോസഫ് വിഭാഗം പഞ്ചായത്ത് പ്രസിഡന്റ് രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.