കടുത്തുരുത്തി: കടുത്തുരുത്തി ബസ്ബേ ടെർമിനൽ പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിന് മുന്നോടിയായി സർവേയും മണ്ണ് പരിശോധനയും പ്രവർത്തനങ്ങൾക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ. അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് റോഡ്സ് ആൻഡ് ബ്രിഡ്ജസ് വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് പ്രാഥമിക പരിശോധനക്ക് വേണ്ടിയുള്ള ദർഘാസ് നടപടികൾ നടത്തിയത്. ഇതനുസരിച്ച് ആർ.ടി.എഫ്. ഇൻഫ്രാ കമ്പനിയെയാണ് വിശദ രൂപരേഖ തയ്യാറാക്കാൻ ഏൽപ്പിച്ചത്.
വെള്ളിയാഴ്ച രാവിലെ 11.30-ന് ജനപ്രതിനിധികളുടെ സാന്നിധ്യത്തിൽ സർവേ ജോലികളുടെയും മണ്ണ് പരിശോധനയുടെയും ഉദ്ഘാടനം എം.എൽ.എ. നിർവഹിക്കും. കടുത്തുരുത്തി വലിയപാലത്തിനടുത്തായി വലിയതോടിന് കുറുകെ സമാന്തര പാലം നിർമിച്ച് ബസ് ടെർമിനലായി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പ്രാഥമിക രൂപരേഖ തയ്യാറാക്കിയിരിക്കുന്നതെന്ന് മോൻസ് ജോസഫ് അറിയിച്ചു.
ആർ.ടി.എഫ്. ഇൻഫ്രാ കമ്പനി സർവേ ജോലികളും മണ്ണ് പരിശോധനയും പൂർത്തിയാക്കിയശേഷം ജനപ്രതിനിധികളുമായി ആലോചിച്ച് പദ്ധതിക്ക് അന്തിമ രൂപം നൽകുമെന്നും എം.എൽ.എ. അറിയിച്ചു.