തിരുവാർപ്പ് (കുമരകം): പ്രളയാനന്തരം ജൈവസമ്പുഷ്ടമായ നെൽപ്പാടശേഖരങ്ങളെ വീണ്ടും വിഷമയമാക്കുന്ന കളനാശിനി പ്രയോഗം വ്യാപകമാകുന്നു. അപ്പർകുട്ടനാട്ടിൽ പുഞ്ചക്കൃഷിക്ക്‌ നിലം ഒരുക്കുന്നതിന്റെ ഭാഗമായാണ് കളനാശിനി പ്രയോഗം നടത്തുന്നത്.

ഏറ്റവുംനല്ല ജൈവവളമായി മാറ്റാവുന്ന കളകളെ വിഷപ്രയോഗത്തിലൂടെ നശിപ്പിക്കുന്നതുമൂലം മണ്ണും ജലവും മലിനമാകുകയും അതിലുപരി വിഷപ്രയോഗം നടത്തുന്ന തൊഴിലാളിക്ക് മാരകരോഗങ്ങൾ വരാനുമുള്ള സാധ്യതയും കൂടുതലാണന്ന് വിദഗ്ധർ. കളകൾ ചവിട്ടി ഒതുക്കി നിലം ഉഴുത് മണ്ണിൽ താഴ്ത്തി വിത്തു വിതച്ചിരുന്ന പഴയ കൃഷിരീതി മണ്ണിനും മനുഷ്യനും ഏറെ പ്രയോജനകരമായിരുന്നു.

കൃഷിയിടം ഒരുക്കാനും ഉഴുതുമറിക്കാനും നിരവധി യന്ത്രസംവിധാനങ്ങൾ ലഭ്യമാകുന്ന കാലഘട്ടത്തിൽ അശാസ്ത്രീയമായ വിഷപ്രയോഗങ്ങൾ ഒഴിവാക്കേണ്ടതാണെന്ന് കാർഷികരംഗത്തെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ പ്രളയാനന്തരം കുട്ടനാടിന്റെ ചരിത്രത്തിൽതന്നെ രേഖപ്പെടുത്തിയ മികച്ച വിളവാണ് ലഭിച്ചത്. ഏക്കറിന് മുപ്പതുമുതൽ മുപ്പത്തിയഞ്ച് കിന്റൽവരെ കൊയ്‌തെടുത്തു. രാസവളങ്ങളും കള-കീടനാശികളും പ്രയോഗിച്ചിരുന്ന കാലഘട്ടത്തിൽപോലും ഇത്ര ലഭിച്ചിരുന്നില്ല.

കഴിഞ്ഞദിവസം തിരുവാർപ്പ് മലരിക്കൽ പാടശേഖരത്ത് പടർന്ന് പന്തലിച്ച ആമ്പൽച്ചെടികൾ നശിപ്പിക്കാൻ കർഷകർ വിഷപ്രയോഗം നടത്തിയിരുന്നു. അപ്പർ കുട്ടനാട്ടിലെ ഭൂരിഭാഗം പാടശേഖരങ്ങളും പുഞ്ചക്കൃഷിക്ക് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി കളനാശിനി പ്രയോഗം വ്യാപകമാണ്. ഏക്കറുകണക്കിന് പാടങ്ങളിൽ വളർന്ന് പന്തലിച്ച ആമ്പൽചെടികളെ നശിപ്പിക്കാൻ ഏക്കറിന് ഏകദേശം ഒരുലിറ്ററെന്ന കണക്കിലാണ് കളനാശിനി പ്രയോഗം നടത്തുന്നത്.

Content Highlights: Pesticides Use in in Kuttanad