പെരുവ: മനയ്ക്കപ്പടി കാരിക്കോട് ഭഗവതി ധർമശാസ്താക്ഷേത്രത്തിൽ മകരവിളക്ക് ഉത്സവം ബുധനാഴ്ച നടക്കും. രാവിലെ 6.30-ന് അയ്യപ്പ സുപ്രഭാതം, എട്ടിന് തന്ത്രി മനയത്താറ്റ് മനയ്ക്കൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കലശപൂജ, 8.30-ന് കലശാഭിഷേകം, 9.30-ന് നാരായണീയ പാരായണം, 12.30-ന് പ്രസാദ ഊട്ട്, വൈകീട്ട് 5.30-ന് പഞ്ചവാദ്യം, രാത്രി 7.30-ന് താലപ്പൊലി വരവ്, 9.30-ന് കളമെഴുത്തുംപാട്ട്.
വിജിലൻസ് അന്വേഷണം വേണം
വൈക്കം : നഗരസഭാ ഓഫീസ് കെട്ടിടത്തിന്റെ മുൻവശം പണിയുന്നത് നിയമവും ചട്ടവും ലംഘിച്ചാണെന്ന് ഡി.സി.സി. ജനറൽ സെക്രട്ടറി അബ്ദുൽ സലാം റാവുത്തർ ആരോപിച്ചു. നഗരസഭ പണം ദുരുപയോഗംചെയ്ത് പണികൾ പൂർത്തീകരിക്കാതെ എ.സി.പി. വർക്ക് ചെയ്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അത് അഴിമതിയാണെന്നും ഇതിനെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നും അബ്ദുൽ സലാം റാവുത്തർ ആരോപിച്ചു.
ഉദയനാപുരത്തപ്പൻചിറപ്പ്
വൈക്കം : ഉദയനാപുരം സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിൽ ശ്രീകൃഷ്ണ നാരായണിയ സമിതി നടത്തുന്ന ഉദയനാപുരത്തപ്പൻ ചിറപ്പ് ബുധനാഴ്ച ആരംഭിക്കും. 24-ന് സമാപിക്കും. ചിറപ്പിനോടൊപ്പം 15മുതൽ 17വരെ ലക്ഷാർച്ചനയും 18മുതൽ 24വരെ ഭാഗവത സപ്താഹയജ്ഞവും നടത്തും. 24-ന് രാവിലെ ആറിന് ദ്രവ്യകലശവും വൈകീട്ട് ആറിന് ദേശവിളക്കും നടക്കും. രാവിലെ ആറുമുതൽ 10.30വരെയും വൈകീട്ട് അഞ്ചുമുതൽ ആറുവരെയുമാണ് ലക്ഷാർച്ചന.
കയർതൊഴിലാളികളുടെ സമരം
വൈക്കം : കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) വൈക്കം കയർ പ്രോജക്ട് ഓഫീസിനു മുൻപിൽ ധർണ നടത്തും. സംസ്ഥാനവ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായിട്ടാണ് ധർണ. സംഘങ്ങൾക്ക് സർക്കാർ നൽകുന്ന കൂലി സഹായവിഹിതം വർധിപ്പിച്ച് തൊഴിലാളികളുടെ കൂലിയും തൊഴിലവസരങ്ങളും വർധിപ്പിക്കുക, ഉത്‌പാദനച്ചെലവ് അടിസ്ഥാനമാക്കി കയറിനും ഉത്‌പന്നങ്ങൾക്കും വില വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ.
ഫെഡറേഷന്റെ ജില്ലാ നേതൃയോഗം സംസ്ഥാന പ്രസിഡന്റ് എ.കെ.രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.ബേബി അധ്യക്ഷത വഹിച്ചു. പി.ഡി.ശ്രീനിവാസൻ, എസ്.രാജേന്ദ്രൻ, അക്കരപ്പാടം ശശി, മോഹൻ ഡി.ബാബു, ആർ.ചന്ദ്രസേനൻ, പി.ആർ.രത്നപ്പൻ, ജഗദാ അപ്പുക്കുട്ടൻ, ലേഖാ സത്യൻ എന്നിവർ സംസാരിച്ചു.
അഷ്ടാഭിഷേകവും കർപ്പൂരാഴിയും
കാളികാവ്: ദേവീക്ഷേത്രത്തിൽ മകരവിളക്കുദിനമായ 15-ന് അഷ്ടാഭിഷേകവും കർപ്പൂരാഴിയും നടത്തും. ബുധനാഴ്ച രാവിലെ അഷ്ടാഭിഷേകം നടക്കും. വൈകീട്ടാണ് കർപ്പൂരാഴി.
ആലോചനായോഗം
തലയോലപ്പറമ്പ്: കുറുന്തറപ്പുഴയുടെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള ആലോചനായോഗം ബുധനാഴ്ച നാലിന് ഗവ. യു.പി.സ്കൂളിൽ നടക്കും. എസ്.ഐ. ടി.കെ.സുധീർ കുമാർ ഉദ്ഘാടനം ചെയ്യും.