പാലാ: സ്വർണം വാങ്ങാനെന്ന വ്യാജേന ജൂവലറികളിലെത്തി ജീവനക്കാരുടെ ശ്രദ്ധ തിരിച്ച് മോഷണം നടത്തുന്ന കേസിൽ രണ്ടുപേർ പിടിയിൽ. തമിഴ്‌നാട് ഡിണ്ടിഗൽ സ്വദേശി സനാഫുള്ളയും (42) സഹായി ഷൊർണ്ണൂർ കുറിയാറ്റ തൊടിയിൽ മജീദുമാണ് പിടിയിലായത്.ഫെബ്രുവരി രണ്ടിന് പാലാ പ്രവിത്താനത്തുള്ള ഒരു ജൂവലറിയിൽനിന്നും പത്ത് പവനോളം സ്വർണം കവർന്ന കേസിലാണിത്.

സി.സി.ടി.വി.ദൃശ്യങ്ങളിൽനിന്നും പ്രതികൾ തൊടുപുഴ, മൂവാറ്റുപുഴ, തൃശൂർ, പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് കടന്നതായി പോലീസ് തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടിൽ അന്വേഷണം വ്യാപിപ്പിച്ചപ്പോൾ ഇതേ രീതിയിൽ പോണ്ടിച്ചേരിയിലെ ഒരു ജൂവലറിയിൽ രണ്ടുവർഷം മുൻപ് മോഷണം നടത്തിയതായി അറിഞ്ഞു. അന്നത്തെ സി.സി.ടി.വി.യിൽ അവ്യക്തമായി കണ്ട രജിസ്‌ട്രേഷൻ നമ്പരാണ് കേസിന് വഴിത്തിരിവായത്.

ഇത് പരിശോധിച്ച് ഡിണ്ടിഗൽ ഭാഗത്തുള്ളതാണ് വാഹനമെന്ന് ഉറപ്പാക്കിയ പോലീസ് സംഘം അവിടെ നടത്തിയ അന്വേഷണത്തിലാണ് സനാഫുള്ള പിടിയിലാവുന്നത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ച സ്വർണം വാങ്ങി ഇടനിലക്കാരനായി വില്ക്കുന്ന മജീദിനെപ്പറ്റി അറിയുന്നത്.

ഷൊർണ്ണൂർ റെയിൽവേസ്റ്റേഷൻ പരിസരത്തുനിന്ന് മജീദിനെയും അറസ്റ്റു ചെയ്തു. ചോദ്യം ചെയ്യലിൽ സനാഫുള്ള പോണ്ടിച്ചേരി, തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിൽ സമാനരീതിയിൽ മോഷണം നടത്തിയതായി തെളിഞ്ഞു. ബൈക്കിൽ ഒരു സഹായിയുമായി കമ്പം, കുമളി, മുണ്ടക്കയം വഴി വന്ന് മോഷണം നടത്തിയശേഷം തൊടുപുഴ, തൃശൂർ, പാലക്കാട് വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടുകയാണ് പതിവ്.

സ്വർണം വിറ്റുകിട്ടുന്ന പണം ലഹരിവസ്തുക്കൾ വാങ്ങുവാനും സുഖലോലുപതയ്ക്കും വേണ്ടിയാണ് ഉപയോഗിച്ചിരുന്നത്. പ്രവിത്താനത്തു മോഷണം നടത്തിയ കേസിൽ സനാഫുള്ളയോടൊപ്പം ഉണ്ടായിരുന്നയാളെ പോലീസ് തിരയുകയാണ്.

പാലാ ഡിവൈ.എസ്.പി. ഷാജിമോൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ സി.ഐ.രാജൻ കെ.അരമന, എസ്.ഐ. ബിനോദ്കുമാർ, സ്‌ക്വാഡംഗങ്ങളായ എ.എസ്.ഐ.അനിൽകുമാർ, സി.പി.ഒ.മാരായ സിനോയി തോമസ്, സുനിൽകുമാർ എം.ജി., ബിജു എം.ജി., അരുൺ ചന്ദ്, രാജേഷ് കുമാർ, ഷെറിൻ മാത്യു, സൈബർ സെല്ലിലെ ജോർജ്, അനൂപ് എന്നിവരുമുണ്ടായിരുന്നു.