പാലാ : അഡീഷണൽ സ്‌കിൽ അക്വസിഷൻ പ്രോഗ്രാമിന്റെ (അസാപ്പ്) കീഴിൽ മീനച്ചിൽ പഞ്ചായത്തിലെ ഇടമറ്റത്ത് സ്ഥാപിക്കാൻ പദ്ധതിയിട്ട കമ്യൂണിറ്റി സ്‌കിൽ പാർക്ക് സ്വപ്‌നംമാത്രം. 11 കോടി രൂപയോളം ചെലവിട്ട് കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഏർപ്പെടുത്താനാണ് ലക്ഷ്യമിട്ടിരുന്നത്. നാലുവർഷം മുമ്പ് ടെൻഡർ നടപടി തുടങ്ങിയിരുന്നു.
എന്നാൽ പിന്നീട് റദ്ദാക്കി. ടെൻഡർ റദ്ദായ പദ്ധതികളുടെ നിർമാണത്തിന് തുടക്കമിടുന്നതിന്റെ ഭാഗമായി രണ്ടുവർഷം മുമ്പ് പദ്ധതികളുടെ പട്ടിക പുതുക്കിയിരുന്നു. എന്നാൽ ഈ പട്ടികയിൽ ഇടമറ്റത്തെ നിർദിഷ്ടകേന്ദ്രത്തിന് സ്ഥാനം ലഭിക്കാതെ വന്നതോടെയാണ് പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലായത്. പദ്ധതി പുനർജ്ജീവിപ്പിക്കുന്നതിനാവശ്യമായ രാഷട്രീയ സമ്മർദവും പിന്നീട് ഉണ്ടായില്ല. സർക്കാർതലത്തിൽ ഇതു സംബന്ധിച്ച് നിർദേശങ്ങൾ ലഭിച്ചാൽ മാത്രമേ പദ്ധതി പുനർ രൂപകല്പന നടത്താൻ സാധിക്കുകയുള്ളൂവെന്നാണ് അസാപ്പ് അധികൃതരുടെ നിലപാട്.
മരം വെട്ടിക്കളഞ്ഞത് മാത്രം
ഇടമറ്റത്ത് പ്രവർത്തനംനിലച്ച ഗവ.എൽ.പി. സ്‌കൂളിന്റെ ഒരേക്കറോളം സ്ഥലമാണ് കമ്യൂണിറ്റി പാർക്കിന് ഏറ്റെടുത്തത്. നിർമാണ പ്രവർത്തനം തുടങ്ങാനായി അമ്പതോളം മരങ്ങൾ വെട്ടിമാറ്റിയിരുന്നു. സ്ഥലം ഇപ്പോൾ കാടുപിടിച്ച് സാമൂഹിക വിരുദ്ധരുടെ താവളമാവുകയാണ്.
പാർക്ക് ലക്ഷ്യമിടുന്നത്
വിദ്യാർഥികൾക്ക് തൊഴിൽ പരിശീലനം നൽകുകയാണ് പാർക്കിന്റെ ലക്ഷ്യം. എല്ലാ തൊഴിൽ മേഖലകളെ സംബന്ധിച്ചും പരിശീലനം നൽകാനും ഇരുനൂറിൽപരം കോഴ്‌സുകൾ സ്‌കിൽ പാർക്കിൽ പഠിപ്പിക്കാനും ലക്ഷ്യമിടുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന പരിശീലനകേന്ദ്രമെന്ന നിലയിലാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യാർഥികൾക്ക് പഠനത്തിനുശേഷം തൊഴിൽ പരിശീലനം നടത്താൻ സായാഹ്നകോഴ്‌സുകളും നടത്തും. തുച്ഛമായ ഫീസ് നിരക്കിൽ ഇവിടെ പരിശീലനം ലഭ്യമാകും.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മറ്റ് സ്ഥാപനങ്ങൾക്കും പരിശീലനത്തിനുള്ള കേന്ദ്രമായി സ്‌കിൽ പാർക്കിന്റെ സേവനം പ്രയോജനപ്പെടുത്താം. കൃഷി, ഭക്ഷ്യ സംസ്‌കരണം, ബ്യൂട്ടീഷ്യൻ, ബാങ്കിങ്, ഇലക്ട്രോണിക്‌സ്, ആരോഗ്യ പരിചരണം, തടികൾകൊണ്ടുള്ള നിർമാണം, ഹോസ്പിറ്റാലിറ്റി, മീഡിയ എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങളിലാണ് പ്രധാനമായും പരിശീലനം നൽകുവാൻ ലക്ഷ്യമിട്ടത്.