പാലാ: വമ്പൻ കമ്പനികളുടെ ഓഫീസുകളോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് മീനച്ചിൽ പഞ്ചായത്ത് ഒാഫീസിലുള്ളത്.
ഓഫീസിൽ എത്തുന്നവർ ആവശ്യങ്ങൾക്കായി കാത്തിരിക്കുമ്പോൾ മടുപ്പ് തോന്നാത്തവിധമാണ് സൗകര്യങ്ങൾ. മികച്ച ഫ്രണ്ട് ഓഫീസിൽ തുടങ്ങുന്നു മാറ്റങ്ങൾ. ശീതീകരിച്ച വിശ്രമമുറിയാണിത്. ഓഫീസിൽ എത്തുന്നവർക്ക് മ്യൂസിക് സിസ്റ്റം, പഞ്ചായത്തിന്റെ അറിയിപ്പുകൾ പ്രദർശിപ്പിക്കുന്നതിനായി എൽ.ഇ.ഡി. ടി.വി., കുടിവെള്ളം, സൗജന്യ വൈഫൈ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഓഫീസിലെ മറ്റുമുറികളും ശീതീകരിച്ചതാണ്. 1.60 കോടി രൂപ മുടക്കിയാണ് ഇരുനിലമന്ദിരം പണിതത്. ഓഫീസിന്റെ എല്ലാവിധ പ്രവർത്തനങ്ങളും ഏവർക്കും നിരീക്ഷിക്കുവാൻ സാധിക്കുന്ന രീതിയിലാണ് മന്ദിരത്തിന്റെ രൂപകല്പന. വൈദ്യുതി ചെലവ് കുറയ്ക്കുന്നതിന് 10 കെ.വി. സോളാർ ഗ്രിഡ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.