sreejith
ശ്രീജിത്ത്

കാഞ്ഞിരപ്പള്ളി : പട്ടണത്തിലെ പച്ചക്കറികടകളിൽ മോഷണം നടത്തിയശേഷം അതിഥിതൊഴിലാളികൾക്കൊപ്പം കിടന്നുറങ്ങിയ യുവാവിനെ പോലീസ് പിടികൂടി. ഈരാറ്റുപേട്ട പ്ലാശനാൽ കാനാട്ട് ശ്രീജിത്ത് (36) ആണ് ശനിയാഴ്ച പുലർച്ചെ പോലീസ് പിടിയിലായത്. പച്ചക്കറികടകളിൽ കയറി പണം മോഷ്ടിച്ചശേഷം ഇയാൾ ബസ് സ്റ്റാൻഡിന് സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന അതിഥിതൊഴിലാളികൾക്കൊപ്പം കിടന്നുറങ്ങി. പുലർച്ചെ അപരിചിതനായ ഒരാൾ സമീപത്ത് കിടക്കുന്നത് കണ്ട് സംശയം തോന്നി അതിഥിതൊഴിലാളികൾ സമീപത്തെ ചുമട്ടുതൊഴിലാളികളെ വിവരമറിയിച്ചു. ഇവരെത്തി ഇയാളെ തടഞ്ഞുവെച്ചശേഷം പോലീസിൽ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞയാഴ്ച പട്ടണത്തിലെ മൂന്ന് കടകളിൽ ഇയാൾ മോഷണം നടത്തിയിരുന്നു. വെള്ളിയാഴ്ച രാത്രിയിലും പച്ചക്കറികടയിൽ ഇയാൾ മോഷണം നടത്തി.

പുത്തനങ്ങാടി റോഡിലെ എസ്.എസ്. പച്ചക്കറി കട, പേട്ടക്കവലയിൽ അമരീസ് ഫ്രൂട്ട് സ്റ്റാൾ, എം.കെ.അബ്ദുൽ കരീമിന്റെ പച്ചക്കറി കട എന്നിവിടങ്ങളിലാണ് മോഷണം നടത്തിയത്. ഇയാളിൽനിന്നും എസ്.എസ്. പച്ചക്കറി സ്റ്റാളിൽ നിന്നും മോഷ്ടിച്ച 4,800 രൂപ പോലീസ് കണ്ടെടുത്തു. കോട്ടയം, പാലാ, ഈരാറ്റുപേട്ട സ്റ്റേഷനുകളിൽ സമാനരീതിയിലുള്ള മോഷണകേസുകളിൽ പിടിയിലായിട്ടുണ്ട്. പച്ചക്കറികടകളുടെ ഗ്രില്ല് പൊളിച്ച് കയറി മോഷ്ടിക്കുന്നതാണ് ഇയാളുടെ രീതി. എളുപ്പത്തിൽ ഇളക്കിമാറ്റി അകത്ത് പ്രവേശിക്കാൻ കഴിയുന്ന പച്ചക്കറികടകൾ മാത്രമാണ്‌ മോഷണത്തിന് ഇയാൾ തിരഞ്ഞെടുക്കുന്നതെന്നും പോലീസ് പറഞ്ഞു.