നീലംപേരൂർ: പൂരദിവസം പടയണി കളത്തിലെത്തുന്ന കോലങ്ങളിൽ മുഖ്യആകർഷണമാണ് പൊയ്യാന ഗജരാജൻ നീലംപേരൂർ നീലകണ്ഠൻ. ഗജരാജസൗന്ദര്യം ആവോളം ആസ്വദിക്കാനുള്ള അവസരമാണ് പൂരദിവസം ഈ ഗജരാജൻ നൽകുന്നത്. ക്ഷേത്രത്തിന്റെ ആൽത്തറയിൽ നിർമാണം പുരോഗമിക്കുന്ന പൊയ്യാനയെ ഒരുക്കുന്ന തിരക്കിലാണ് എല്ലാവരും.
പൂരദിവസം എല്ലാ കോലങ്ങളും എഴുന്നെള്ളിയതിനുശേഷം അവസാനമാണ് നീലകണ്ഠൻ പടയണി കളത്തിൽ എത്തുന്നത്. വലിയ ചക്രചാടുകളിൽ ഉരുട്ടിയാണ് പൊയ്യാനയെ നടയിലെത്തിക്കുന്നത്. പതിറ്റാണ്ടുകൾക്ക് മുൻപ് മുതൽ ഉപയോഗിച്ച് വരുന്ന തടിയിൽ തീർത്ത കൊമ്പാണ് നീലകണ്ഠന് കൂടുതൽ ഭംഗി നൽകുന്നത്. നെറ്റിപ്പട്ടവും ആടയാഭരണങ്ങളും അണിഞ്ഞ് തിടമ്പുമായി പുറത്ത് ആളെയും കയറ്റിയാണ് പൊയ്യാന നടയിലെത്തുന്നത്. തുടർന്ന് എഴുന്നെള്ളത്തും നടക്കും.
തടിയിൽ തീർത്ത രൂപത്തിൽ ഈറ വരിഞ്ഞാണ് പൊയ്യാനയുടെ രൂപം ഉണ്ടാക്കുന്നത്. പിന്നീട് മറ്റ് കോലങ്ങളെ പോലെ തന്നെ വാഴക്കച്ചി കൊണ്ട് പൊതിയും. നിറ പണികൾക്ക് ചണച്ചാക്കാണ് ഉപയോഗിക്കുന്നത്. കറുത്ത ചായം പൂശി പൊയ്യാനയ്ക്ക് നിറവും നൽകുന്നു.
പടയണി കളത്തിൽ ഇന്ന് ഹനുമാൻ
നീലംപേരൂർ പടയണിയിൽ പ്ലാവിലകൊലങ്ങളുടെ തുടർച്ചയായി ഞായറാഴ്ച ഹനുമാൻ എത്തും. കല്യാണസൗഗന്ധികം തേടി പോകുന്ന ഭീമസേനൻ കണ്ട കാഴ്ചകളിലൂടെ കടന്നുപോകുന്ന പടയണി കഥകളിൽ പ്രധാന കഥാപാത്രമാണ് ഹനുമാൻ.
പ്ലാവിലക്കോലങ്ങളിലെ പടയണി വിശേഷം താപസകോലവും ആനയും കഴിഞ്ഞു. തിങ്കളാഴ്ച പ്ലാവില നിർത്ത് നടക്കും. പടയണിയുടെ മൂന്നാം ഘട്ടത്തിന്റെ അവസാനമായി അന്ന് കുടം പൂജകളിയും തോത്താകളിയും നടക്കും. പ്ലാവിലക്കോലങ്ങൾ എല്ലാം ഒന്നിച്ചു പ്ലാവില നിർത്തിന് പടയണി കളത്തിൽ എത്തും.
Content Highlights: neelamperoor padayani