നീലംപേരൂർ: കഴിഞ്ഞവർഷം പ്രളയം ചതിച്ചു. ഇത്തവണ മഴ ചതിച്ചു. മഴയില്ലാത്ത ഈ മഴക്കാലം കടന്നുപോകുമ്പോൾ നീലംപേരൂരുകാർ കുടിവെള്ള ക്ഷാമത്താൽ വലയുകയാണ്. പക്ഷേ, മഴവെള്ള സംഭരണത്തിലൂടെ പിടിച്ചുകയറാനാണ് ഇവരുടെ ശ്രമം. പഞ്ചായത്തിലെ എല്ലാ വീട്ടിലും മുറ്റത്ത് ഒരു ജലസംഭരണിയും പടുതാ വലിച്ചു കെട്ടിയിരിക്കുന്നതും കാണാം.
മഴ പെയ്യുമ്പോഴത്തെ വെള്ളം ഈ പടുതയിലൂടെ ശേഖരിച്ചു ഉപയോഗിക്കുകയാണ് പതിവ്. കുടിവെള്ളമായും ഇവർ ഇത് ഉപയോഗിക്കുന്നു. എന്നാൽ മഴയിലുണ്ടായ വലിയ കുറവ് ഇത്തവണ കാര്യങ്ങളെല്ലാം താറുമാറാക്കി. ഒരു നല്ല മഴപെയ്താൽ രണ്ടുമൂന്നു ദിവസത്തേക്കുള്ള വെള്ളം ശേഖരിക്കാം. പഴയ കാലത്ത് ദോഷകാരിയല്ലാതെ മഴ ഇടവിട്ടു ലഭിച്ചിരുന്നതിനാൽ മഴക്കാലത്ത് കുടിവെള്ളക്ഷാമമില്ലായിരുന്നു എന്ന് ചെറുകര സ്വദേശിയായ സരോജിനി പറയുന്നു.
ആശ്വാസവും പ്രതീക്ഷയുമായി കിഫ്‌ബി
അവസാന പ്രതീക്ഷ കിഫ്ബിയിൽ ഉൾപ്പെടുത്തി നീലംപേരൂരിൽ വെള്ളം എത്തിക്കാൻ നടക്കുന്ന ശ്രമങ്ങളാണ്. വാലടിയിലും കാവാലത്തും ഓരോ ഓവർഹെഡ് ടാങ്കുകൾ വരുന്നതോടെ നീലംപേരൂരിലെ ജലസംഭരണിയിലും വെള്ളമെത്തും. അതിനുള്ള പണികളാണ് ഇപ്പോൾ നടക്കുന്നത്. കാലതാമസം കൂടാതെ പദ്ധതി പൂർത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നു ജലസേചന വകുപ്പ് പ്രോജക്ട് ഓഫീസർ എം.എൻ.ജോസഫ് പറഞ്ഞു.
മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്
ഒഴുക്കില്ലാതെ കെട്ടിക്കിടക്കുന്ന പഞ്ചായത്തിലെ ജലസ്രോതസ്സുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളത്തിൽ കീടനാശിനികളുടെയും കോളീഫോം ബാക്ടീരിയയുടെയും അളവു കൂടുതലാണ്. മഞ്ഞപ്പിത്തവും മറ്റു പകർച്ച വ്യാധികളും പ്രദേശത്ത് വളരെവേഗം പടർന്നുപിടിക്കുന്ന സാഹചര്യവുമാണുള്ളത്.
ജലസ്രോതസ്സുകൾ ശുചീകരിക്കാൻ പദ്ധതി വേണം
മലിനമായ ജലസ്രോതസ്സുകൾ ശുചീകരിച്ചു ആഴംകൂട്ടാൻ വലിയ പദ്ധതി പഞ്ചായത്ത് തയ്യാറാക്കണം. ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെ ഇത് അടിയന്തരമായി നടപ്പാക്കാനുള്ള നടപടികളെടുക്കാൻ പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് അടിയന്തര നടപടികൾ ഉണ്ടാക്കണം. -വിശ്വനാഥൻപിള്ള, ഈര.
Content Highlights: neelamperoor