നെടുംകുന്നം: മാന്തുരുത്തിയിൽ കെട്ടിടനിർമാണത്തിന്റ മറവിൽ വീണ്ടും മണ്ണെടുക്കാൻ ശ്രമം. നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചു. നെടുംകുന്നം-മാന്തുരുത്തി റോഡിൽ മൂലേക്കുന്നിന് സമീപമാണ് വീണ്ടും മണ്ണെടുക്കാൻ ശ്രമിക്കുന്നത്.
ഒരുമാസം മുൻപ്് ഇവിടെ മണ്ണെടുപ്പ് നടത്തിയിരുന്നു. നാട്ടുകാർ ചേർന്ന് തടഞ്ഞതോടെ ശ്രമം ഉപേക്ഷിച്ചു. കെട്ടിടനിർമാണത്തിന്റ മറവിൽ 20 സെന്റ് സ്ഥലത്തുനിന്ന് മണ്ണെടുക്കാനുള്ള അനുമതി വാങ്ങിയ ശേഷം അരയേക്കറോളം സ്ഥലത്തെ കുന്നിടിക്കുകയായിരുന്നു. ലോറിയും മണ്ണുമാന്തിയന്ത്രവും നാട്ടുകാർ തടഞ്ഞതോടെ റവന്യൂ അധികൃതരും പോലീസുമെത്തി മണ്ണെടുപ്പ് നിർത്തിവെയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ജില്ലാ കളക്ടർക്കും റവന്യൂ അധികൃതർക്കും നാട്ടുകാർ പരാതി നൽകിയിട്ടുണ്ട്.
ബുധനാഴ്ച രാവിലെ ഒൻപതരയോടെ വീണ്ടും മണ്ണെടുക്കാനെത്തിയതോടെ നാട്ടുകാർ തടഞ്ഞു. വിവരമറിഞ്ഞ് വില്ലേജ് അധികൃതർ സ്ഥലത്തെത്തി. മണ്ണെടുക്കാൻ പുതിയ അനുമതി നൽകിയിട്ടില്ലെന്ന് വില്ലേജ് അധികൃതർ പറഞ്ഞു. ഇതോടെ മണ്ണെടുക്കാനുള്ള ശ്രമം സ്ഥലം ഉടമ ഉപേക്ഷിച്ചു. പ്രദേശത്തെ അനധികൃത മണ്ണെടുപ്പ് അനുവദിക്കില്ലെന്നും ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ പറഞ്ഞു.