PA Mohamed Riyas
കോഴിക്കോട്: ഈരാറ്റുപേട്ട - വാഗമണ്‍ റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.റോഡ് പ്രവൃത്തി സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദിവസേന നിരവധി വിനോദസഞ്ചാരികള്‍ ആശ്രയിക്കുന്ന ഈ റോഡ് പതിറ്റാണ്ടായി പ്രവൃത്തി നടക്കാത്തതിനാല്‍ ഗതാഗതയോഗ്യമല്ലാതായിത്തീര്‍ന്നിരുന്നു. 12 വര്‍ഷം മുന്‍പാണ് ഈ റോഡില്‍ അവസാനമായി പ്രവൃത്തി നടന്നത്. റോഡിന്റെ പ്രവൃത്തി നടത്തണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു. പൂഞ്ഞാര്‍ എംഎല്‍എ സെബാസ്റ്റ്യന്‍ കുളത്തിങ്കലും പ്രവൃത്തി അടിയന്തരമായി നടത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിരുന്നു.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി ശബരിമല റോഡ് നവീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 19.90 കോടി രൂപയാണ് പ്രവൃത്തിക്കായി അനുവദിച്ചത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രവൃത്തി ആരംഭിച്ചെങ്കിലും പ്രതികൂലസാഹചര്യങ്ങളെ തുടര്‍ന്ന് പലപ്പോഴായി പ്രവൃത്തി തടസ്സപ്പെട്ടു. ഓഗസ്റ്റ് അവസാനത്തോടെ റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നാണ് കരാര്‍. നിലവിലെ പ്രവൃത്തി നടക്കുന്ന സമയത്ത് 65 കിലോമീറ്റര്‍ ദൂരത്താണ് പ്ലാന്റ് സ്ഥാപിച്ചിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ തന്നെ ഇടപെട്ടിരുന്നു. ഇപ്പോള്‍ പ്രവൃത്തി നടക്കുന്നതിന്റെ 13 കിലോമീറ്റര്‍ അകലേക്ക് പ്ലാന്റ് മാറ്റി സ്ഥാപിച്ചിട്ടുണ്ട്.
റോഡ് പ്രവൃത്തി സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തിയുടെ ഗുണനിലവാരം, നടത്തിപ്പ് എന്നിവ സംബന്ധിച്ച് അടിയന്തരമായി പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനീയറോട് ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുന്നതാണ്.
Content Highlights: mohammed riyas, erattupetta vagamon road
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..