മണിമല: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മണിമലയ്ക്കും മൂലേപ്ലാവിനും മദ്ധ്യേ റോഡിന്റെ തിട്ടയിടിഞ്ഞ് ആറ്റിലേക്ക് പതിച്ചു. മണിമല കവലയിൽനിന്നും ഇരുനൂറ് മീറ്റർ മാറിയാണ് റോഡ് അപകടാവസ്ഥയിലായത്. തുടർന്ന് ഈ റോഡിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചു.

റോഡിന്റെ ഒരുഭാഗം ഉയർന്ന പറമ്പാണ്. ഈ ഭാഗത്തുനിന്നുള്ള വെള്ളം റോഡിലൂടെ ഒഴുകി തിട്ടൽ വഴിയാണ് ആറ്റിലേക്ക് പതിച്ചിരുന്നത് . വെള്ളമൊഴുകിയിരുന്ന ഈ ഭാഗമാണ് ടാറിങ്ങിനോട് ചേർന്ന് ഇടിഞ്ഞ് ആറ്റിൽ പതിച്ചത്. റോഡിന്റെ അടിഭാഗത്തുനിന്നും വൻതോതിൽ മണ്ണ് ഇടിഞ്ഞതിനെ തുടർന്ന് റോഡിന്റെ മധ്യഭാഗം വരെ വൻഗർത്തം രൂപപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് എൻജിനീയറുമാരുടെ പരിശോധനയ്ക്കുശേഷം ഗതാഗതം നിരോധിക്കാൻ തീരുമാനിച്ചത്.

ഗതാഗതം തിരിച്ചുവിട്ടത് ഇങ്ങനെ

മണിമലയിൽനിന്ന് കൊടുങ്ങൂർ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണിമല-കടയനിക്കാട് -ചാമംപതാൽ വഴി കൊടുങ്ങൂരിലേക്കും, കാഞ്ഞിരപ്പള്ളി, പൊൻകുന്നംഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ മണിമല മാർക്കറ്റ് ജങ്‌ഷനു സമീപത്തുനിന്ന് മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്‌പടി വഴി പഴയിടത്ത് എത്തിയുമാണ് പോകേണ്ടത്.

വീടിനുമുകളിൽ മരംവീണ് വയോധികയ്ക്ക് പരിക്ക്

മുണ്ടക്കയം: കടപുഴകിയ ആൽമരത്തിന്റെ ശിഖരം വീടിനുമുകളിൽ പതിച്ച് ഒരാൾക്ക് പരിക്ക്. വെള്ളനാടി പാറയ്ക്കൽ സുകുമാരന്റെ (85) വീടിന് മുകളിലാണ് കൊടുകപ്പലം ശ്രീദേവി ക്ഷേത്രമുറ്റത്തെ ആൽമരം വീണത്. സുകുമാരന്റെ ഭാര്യ സരോജിനി (80)യെ തലയ്ക്ക് പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വെളുപ്പിന് 5.30-ഓടെയാണ് സംഭവം. മേൽക്കൂര പൂർണമായി തകർന്നു. വീടിനുള്ളിൽ ഉറങ്ങുകയായിരുന്ന ഇരുവരുടെയും മുകളിലേക്കാണ് ഷീറ്റും മറ്റും പൊട്ടിവീണത്.

ഒരുവീട് പൂർണമായും, രണ്ടുവീടുകൾ ഭാഗികമായും തകർന്നു

കാഞ്ഞിരപ്പള്ളി: താലൂക്കിൽ ശക്തമായ മഴയിലും കാറ്റിലും ഒരുവീട് പൂർണമായും, രണ്ടുവീടുകൾ ഭാഗികമായും തകർന്നു. ശനിയാഴ്ച മുണ്ടക്കയം വെള്ളനാടി പാറയ്ക്കൽ സരോജിനിയുടെ വീടിനുമുകളിലേക്ക് ആൽമരംവീണ്‌ വീട് പൂർണമായും തകർന്നു. തമ്പലക്കാട് പാണപറമ്പിൽ പി.ഡി.സജീവിന്റെ വീടിന്റെ മേൽക്കൂരയിലേക്ക് പനവീണ്‌ മേൽക്കൂര ഭാഗികമായി തകർന്നു. മേൽക്കൂരയിലെ 10 ആസ്ബസ്റ്റോസ് ഷീറ്റുകൾ തകർന്നു. ആസ്ബസ്റ്റോസ് ഷീറ്റുകൾ പൊട്ടി വീണ് മുറിക്കുള്ളിലിരുന്ന പഠിക്കുകയായിരുന്ന സജിയുടെ മകൾ അഖിലയ്ക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരത്തോടെയുണ്ടായ കാറ്റിലാണ് പന വീടിന്റെ മുകളിലേക്ക് ഒടിഞ്ഞുവീണത്. കുളപ്പുറം ഒട്ടക്കൽ ജയന്റെ വീടിന്റെ മുകളിലേക്ക് മരം ഒടിഞ്ഞുവീണ് വീട് ഭാഗീകമായി തകർന്നു.

രണ്ടുദിവസമായി പെയ്യുന്ന മഴക്കൊപ്പമെത്തിയ കാറ്റിൽ മരം ഒടിഞ്ഞുവീണ് വിവിധയിടങ്ങളിൽ വൈദ്യുതിപോസ്റ്റുകൾ ഒടിയുകയും കമ്പികൾ പൊട്ടുകയും ചെയ്തു. പാറത്തോട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിതിയിൽ രണ്ട് ദിവസത്തിനിടെ അഞ്ചു വൈദ്യുതിത്തൂണുകളും കാഞ്ഞിരപ്പള്ളി സെക്ഷന്റെ പരിധിയിൽ നാല് വൈദ്യുതിത്തൂണുകളും കാറ്റിൽ ഒടിഞ്ഞു. പാലപ്ര, പഴുമല പ്രദേശങ്ങളിലാണ് കാറ്റിൽ വൈദ്യുതിത്തൂണുകൾ ഒടിഞ്ഞത്. ഇതുമൂലം പ്രദേശത്ത് വൈദ്യുതിബന്ധം തകരാറിലാവുകയും ചെയ്തു. വ്യാഴം, വെള്ളി ദിവസങ്ങളിലാണ് മലയോരമേഖലയിൽ കനത്തമഴ രേഖപ്പെടുത്തിയത്.