മണിമല: ബസ്സ്റ്റാൻഡ് മൈതാനിയിൽ വിവിധയിടങ്ങളിലായി മാലിന്യക്കൂമ്പാരം. മാലിന്യങ്ങൾ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്നു. വെള്ളാവൂർ പഞ്ചായത്ത് മണിമല ബസ്സ്റ്റാൻഡ് വികസനത്തിനായി വർഷങ്ങൾക്ക് മുൻപ് നിരപ്പാക്കിയ സ്ഥലമാണിത്. ബസ്സ്റ്റാൻഡ് വികസനം നടന്നില്ലെങ്കിലും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇപ്പോൾ ഉപയോഗിക്കുന്ന സ്ഥലത്താണ് മാലിന്യം വലിച്ചെറിയുന്നത്. മൈതാനത്തോടു ചേർന്ന് കംഫർട്ട് സ്റ്റേഷനുമുണ്ട്. മാലിന്യങ്ങളിലൂടെ കടന്നുവേണം കംഫർട്ട് സ്റ്റേഷനിലെത്താൻ. കംഫർട്ട് സ്റ്റേഷന്റെ വഴിക്കു സമീപമായി മൈതാനിയിൽ മാലിന്യം ഇടാൻ കുഴി എടുത്ത് ഷെഡും നിർമിച്ചിട്ടുണ്ട്. കുഴിയിൽ മാലിന്യം നിറഞ്ഞുകഴിഞ്ഞു. ഇതിനു സമീപപ്രദേശങ്ങളിലായാണ് ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ.