മണർകാട് : വിശുദ്ധ കന്യകാമറിയത്തിന്റെ ജനന പെരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹം തേടി പതിനായിരങ്ങൾ. എട്ടു നോമ്പ് മൂന്ന് ദിനങ്ങൾ പിന്നിടുമ്പോൾ ജാതി-മത വ്യത്യാസമില്ലാതെ ഒഴുകിയെത്തുന്ന വിശ്വാസികളുടെ തിരക്കേറുന്നു.

ബുധനാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മുഖ്യ പ്രഭാഷണം നടത്തും. ഏഷ്യയിലെതന്നെ എറ്റവും വലുതെന്നറിയപ്പെടുന്ന മണർകാട് പള്ളി ’റാസ’ വെള്ളിയാഴ്ചയാണ്. പതിനായിരക്കണക്കിന് മുത്തുക്കുടകളും നൂറുകണക്കിന് പൊൻ, വെള്ളിക്കുരിശുകളും അണിനിരക്കുന്ന മണിക്കൂറുകൾ നീളുന്ന ’റാസ’ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

എട്ടുനോമ്പിലെ എറ്റവും പ്രധാന ചടങ്ങായ ’നട തുറക്കൽ’ ശനിയാഴ്ചയാണ്. വലിയ പള്ളിയുടെ പ്രധാന മദ്ബബഹയിലെ ത്രോണോസിൽ സ്ഥാപിച്ചിട്ടുള്ള കന്യകമറിയം ഉണ്ണിയേശുവിനെ വഹിച്ചുനിൽക്കുന്ന തിരുസ്വരൂപം വർഷത്തിലൊരിക്കൽ മാത്രമാണ് വിശ്വാസികൾക്ക് ദർശനത്തിനായി തുറക്കുന്നത്.

യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ ചടങ്ങുകൾക്ക് പ്രധാന കാർമികത്വം വഹിക്കും. പെരുന്നാൾ ദിനത്തിൽ നേർച്ച വിതരണത്തിനായി 1501 പറ അരിയുടെ പാച്ചോറാണ് തയ്യാറാക്കുന്നത്. ഇതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി. പെരുന്നാൾ പ്രമാണിച്ച് കെ.എസ്.ആർ.ടി.സി - സ്വകാര്യ ബസുകൾ പ്രത്യേക സർവീസുകൾ നടത്തുന്നുണ്ട്. ചെവ്വാഴ്ച വലിയപള്ളിയിൽ നടന്ന മൂന്നിൻമേൽ കുർബാനയിൽ ക്നാനായ സഭയുടെ ആർച്ച് ബിഷപ്പ് കുറിയാക്കോസ് മാർ സേവേറിയോസ് പ്രധാന കാർമ്മികത്വം വഹിച്ചു.

മണർകാട് പള്ളിയിൽ ഇന്ന്

കുർബാന-കരോട്ടെ പള്ളിയിൽ 6.00, പ്രഭാത പ്രാർഥന 8.00, വലിയപള്ളിയിൽ മൂന്നിൻമേൽ കുർബാന - നിരണം ഭദ്രാസന അധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തായുടെ പ്രധാന കാർമ്മികത്വത്തിൽ 9.00, പ്രസംഗം 11.30, ആധ്യാത്മിക സംഘടനകളുടെ പൊതുസമ്മേളനം 2.00- ഉദ്ഘാടനം യാക്കോബായ സഭയുടെ ശ്രേഷ്ഠ കാതോലിക്ക മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവാ, മുഖ്യ പ്രഭാഷണം മലങ്കര കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മോർ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവാ, അധ്യക്ഷർ കോട്ടയം ഭദ്രാസന അധിപൻ തോമസ് മാർ തിമോത്തിയോസ് മെത്രാപ്പൊലീത്ത, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. സന്ധ്യാപ്രാർഥന 5.00.