മണർകാട്: മണർകാട് കവലയിൽ വിജയംകണ്ട വൺവേ സംവിധാനം താത്കാലികമായി നിർത്തിയതോടെ മുറുകിത്തുടങ്ങിയ ഗതാഗത കുരുക്കഴിയാൻ ഇനി നാലുനാൾകൂടി കാത്തിരിക്കണം. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ശനിയാഴ്ചയ്ക്കുമുന്പ് മണർകാട് ബൈപ്പാസ് ഗതാഗതയോഗ്യമാക്കാനാണ് നേരത്തെയുള്ള പഞ്ചായത്ത് തീരുമാനം.

ഇതനുസരിച്ചുള്ള പണികളാണിപ്പോൾ നടന്നുവരുന്നത്. വാഹനങ്ങൾ കടത്തിവിട്ടിരുന്ന ബൈപ്പാസ് റോഡ് പൊട്ടിപ്പൊളിഞ്ഞതിനെതുടർന്ന് പുനർ നിർമാണത്തിനായാണ് വൺവേ സംവിധാനം താത്കാലികമായി നിർത്തിവെച്ച് ഗതാഗതം പഴയപടിയാക്കിയത്.

ഇതോടെ മണർകാട് കവലയിൽ ഏറെനാളായി കുരുക്കില്ലാതെ കടന്നുപോയിരുന്ന വാഹനങ്ങൾ വീണ്ടും കുരുക്കിൽപ്പെട്ടുതുടങ്ങി. നാലാം തീയതി ആരംഭിച്ച മണർകാട് ബൈപ്പാസിന്റെ പുനർനിർമാണ പ്രവർത്തനങ്ങൾ 20-നകം തീർക്കാനാണ് പൊതുമരാമത്തുവകുപ്പ് നിർദേശം നൽകിയിട്ടുള്ളത്. അതനുസരിച്ചുള്ള പ്രവർത്തനങ്ങളാണിവിടെ നടക്കുന്നത്. മണ്ഡലകാലം തുടങ്ങിയതോടെ ശബരിമല തീർഥാടകരുടെ തിരക്കും ഏറിയതോടെ കുടുങ്ങിക്കിടക്കുന്ന വാഹനങ്ങളുടെ നിരയും നീണ്ടുതുടങ്ങി.

തിരക്കേറിയ സമയങ്ങളിൽ പാന്പാടി അയർക്കുന്നം ഭാഗത്തേക്ക്‌ പോകുന്നതിന് മണർകാട് കവല കടക്കാൻ കാത്തുകിടക്കുന്ന വാഹനങ്ങൾ മാധവൻപടിവരെയാകും. അയർക്കുന്നത്തുനിന്ന് മണർകാട്ടേക്ക്‌ വരുന്ന വാഹനങ്ങൾ പെരുമാനൂർ കുളം കവലമുതൽ നിരങ്ങിനീങ്ങിയാണെത്തുന്നത്. പാന്പാടിയിൽനിന്ന്‌ കോട്ടയത്തേക്കുള്ള വാഹനങ്ങളുടെ അവസ്ഥയും ഇതുതന്നെ.

ഏറെക്കാലമായി മണർകാട് കവലയിൽ കുരുങ്ങിക്കിടന്ന ഗതാഗതം പരീക്ഷണാടിസ്ഥാനത്തിൽ പോലീസ് നടപ്പാക്കിയ പരിഷ്കരണത്തിലൂടെയാണ് സുഗമമായത്. പുതിയ വൺവേരീതി വിജയംകണ്ടതോടെ നാട്ടുകാരുടെ ആവശ്യത്തെതുടർന്ന് പോലീസും ജില്ലാ അധികൃതരും ഇത് സ്ഥിരം സംവിധാനമാക്കാൻ തീരുമാനിക്കുകയായിരുന്നു. പുനർനിർമാണ പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയായില്ലെങ്കിൽ തീർഥാടക തിരക്കേറുന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമെന്നാണ് പോലീസിന്റെയും അധികൃതരുടെയും ആശങ്ക.