ഏറ്റുമാനൂർ: മനസ്സുനിറയെ ഓണക്കാഴ്ചകളുമായിനാട്ടിൽ വിമാനമിറങ്ങിയ മേജർ ഹേമന്ദ് രാജിന് മഹാപ്രളയം വിഴുങ്ങുന്ന തന്റെ നാടിന്റെ അവസ്ഥ കണ്ടുനിൽക്കാനായില്ല.സൈനികന്റെ കർത്തവ്യം നിറവേറ്റാനേ ആ മനസ്സിനു കഴിഞ്ഞുള്ളൂ. നിരവധി ജീവനുകൾക്ക് രക്ഷയേകിയ മേജറിന് രാഷ്ട്രം നൽകിയ വിശിഷ്ട സേവാമെഡലിൽ അഭിമാനിക്കുകയാണ് ജന്മനാട്.

ഏറ്റുമാനൂർ തവളക്കുഴി മുത്തുച്ചിപ്പിയിൽ റിട്ട. എക്സൈസ് ഇൻസ്പെക്ടർ ടി.കെ.രാജപ്പന്റെയും മെഡിക്കൽ കോളേജിൽനിന്ന്‌ വിരമിച്ച നഴ്സിങ് സൂപ്രണ്ട് ലതികാഭായിയുടെയും മകനാണ് മേജർ ഹേമന്ദ് രാജ്. കഴിഞ്ഞ ഓണത്തിന് അവധിയെടുത്ത് വീട്ടുകാരോടൊപ്പം കഴിയാനെത്തിയ ഹേമന്ദ് രാജിന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ഇറങ്ങാൻ കഴിഞ്ഞത്. ഈ സമയത്ത് മഹാപ്രളയത്തിൽ നാട് അകപ്പെട്ടിരിക്കുകയായിരുന്നു.

പട്ടാളക്കാരന്റെ രാജ്യസ്നേഹം സിരകളിൽ തുളുമ്പിയ ഹേമന്ദ് രാജ് വീട്ടിലേക്കു പോകാതെ നേരേ ആലുവയിലേക്കാണ് പോയത്. അവിടെ രക്ഷാപ്രവർത്തകർക്കൊപ്പം നിലയുറപ്പിച്ച അദ്ദേഹത്തോടൊപ്പം അവധി ഒഴിവാക്കി നിരവധി പട്ടാളക്കാരും ചേർന്നു. അവിടെനിന്ന്‌ ചെങ്ങന്നൂരും പാണ്ടനാടും മത്സ്യത്തൊഴിലാളികൾക്കൊപ്പം ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

2002-ൽ കഴക്കൂട്ടം സൈനിക സ്കൂളിൽനിന്ന്‌ പഠിച്ചിറങ്ങിയ ഹേമന്ദ് രാജ് പുണെ നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിറ്ററി അക്കാദമി എന്നിവിടങ്ങളിൽനിന്ന്‌ ഉന്നത വിദ്യാഭ്യാസം നേടിയാണ് കരസേനയിൽ ചേർന്നത്. തവളക്കുഴിയിൽ ദന്തൽ ക്ലിനിക്ക് നടത്തുന്ന ഡോ. തീർഥയാണ് ഭാര്യ. മകൻ അമൻ.

Content Highlights: major hemand raj receives Vishisht Seva Medal