കോട്ടയം: 'ശബ്ദവും വെളിച്ചവും നൽകുന്നത്...'  ഉത്സവപ്പറമ്പുകളിലും പള്ളിമൈതാനികളിലും മുഴങ്ങിയിരുന്ന ഈ പ്രഖ്യാപനം കേൾക്കാതായിട്ട് ഒന്നരവർഷത്തോളമായി. കോവിഡ് മൂലം ആഘോഷങ്ങൾക്ക് തിരശ്ശീല വീണപ്പോൾ ഈ അനൗൺസ്‌മെന്റിന് പിന്നിലെ ഉടമകളും തൊഴിലാളികളും കഷ്ടപ്പെടുന്നു.

മറ്റുള്ളവരുടെ ജീവിതത്തിലെ ആഘോഷങ്ങൾക്ക് നിറവും ശബ്ദവും പകർന്നവരാണിവർ. ഇന്നിവരുടെ ജീവിതം ഇരുട്ടിലാണ്.

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി ലൈറ്റ് ആൻഡ് സൗണ്ട് മേഖലയെ തകർത്തുകളഞ്ഞു. കോട്ടയം ജില്ലയിൽ ഈ മേഖലയിൽ മൂവായിരത്തിലധികം പേരാണ് പ്രവർത്തിക്കുന്നത്. ലോക്ഡൗൺ ഇളവുകൾ ഇവർക്ക് പ്രതീക്ഷ നൽകുന്നില്ല.

ഇളവുകളോടെ തുറന്നിട്ട് പ്രയോജനമില്ല

മറ്റു കടകൾപോലെ ഇളവുകളുടെ അടിസ്ഥാനത്തിൽ തുറന്നിട്ടുകാര്യവുമില്ല. കോവിഡ് കേരളത്തിൽ പിടിമുറുക്കിയ 2020 മാർച്ചിൽ പൂട്ടുവീണതാണ് ഇവരുടെ സ്ഥാപനങ്ങൾക്ക്. തെല്ലൊരു ആശ്വാസംലഭിച്ചത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്താണ്. ഇതിനുശേഷം മേഖലയിൽ പ്രവർത്തിച്ചിരുന്ന തൊഴിലാളികളിൽ പലരും മറ്റു ജീവിതമാർഗങ്ങളിലേക്കു തിരിഞ്ഞു.

നശിക്കുന്നത് ലക്ഷങ്ങളുടെ ഉപകരണങ്ങൾ

തുടർച്ചയായി ഉപയോഗിക്കാതിരുന്നതോടെ ലക്ഷങ്ങൾ വിലവരുന്ന സ്പീക്കറും സൗണ്ട് മിക്സറും ജനറേറ്ററും അടക്കമുള്ള ഉപകരണങ്ങൾ തുരുമ്പെടുത്തു. ഇവ വീണ്ടും പ്രവർത്തനസജ്ജമാക്കാൻ വലിയൊരുതുക തന്നെ മുടക്കേണ്ടിവരും.

ആധുനിക ശബ്ദസംവിധാനങ്ങളാണ് ജില്ലയിലെ മിക്ക സ്ഥാപനങ്ങളിലുമുള്ളത്. ഇതും നഷ്ടത്തിന്റെ കണക്ക് ഇരട്ടിയാക്കുന്നു. വാടക കൊടുക്കാനാകാതെ പലരും ഗോഡൗണുകളിൽനിന്ന് ഉപകരണങ്ങൾ വീടുകളിലേക്കുമാറ്റി.

നഷ്ടമായത് ഏഴ്‌ ജീവിതങ്ങള്‍

കോവിഡ് അടച്ചുപൂട്ടൽ മൂലം ലൈറ്റ് ആൻഡ് സൗണ്ട്‌സ് മേഖലയുമായിചേർന്ന് പ്രവർത്തിക്കുന്ന ഉടമകളും തൊഴിലാളികളുമടക്കം ഏഴുപേർ ഇതുവരെ ജീവനൊടുക്കി. കടബാധ്യതയും നാളെ എന്ത് എന്നുള്ള ആകുലതയുമാണ് ഇവരെ അത്മഹത്യയിലേക്ക് പ്രേരിപ്പിച്ച ഘടകങ്ങൾ.

- അബ്ദുൾ റഹീം, സംസ്ഥാന പ്രസിഡന്റ്, ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷൻ ഓഫ് കേരള.