കോട്ടയം : ജില്ലയിൽ സർവീസ് നടത്തിയ സ്വകാര്യ ബസുകളുടെ എണ്ണം ശനിയാഴ്ച വീണ്ടും കുറഞ്ഞു. ഞായറാഴ്ചത്തെ പൂർണ ലോക് ഡൗണിനുശേഷം പല സ്വകാര്യ ബസുകളും നിരത്തിലിറങ്ങാൻ സാധ്യതയില്ല. ജനങ്ങളുടെ എതിർപ്പ്‌ ഉണ്ടാകാതിരിക്കാനാണു സമരപ്രഖ്യാപനം നടത്താത്തത്. എന്നാൽ ഫലത്തിൽ സമരമായിരിക്കും ഉണ്ടാവുകയെന്ന സൂചനയാണ് ഉടമകൾ നൽകുന്നത്. ലോക്ഡൗൺ കാലത്ത് കൂട്ടിയ നിരക്ക് കുറച്ച ശേഷമാണ് സ്വകാര്യ ബസുകളുടെ പിൻവാങ്ങൽ തുടങ്ങിയത്. ഉയർന്ന നിരക്ക് ഈടാക്കാൻ അനുവാദം കിട്ടാതെ ബസ് സർവീസ് മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നാണ് ഉടമകളുടെ അഭിപ്രായം

മേൽവിലാസം പറയണം, ചൂട് നോക്കണം...

കോട്ടയം : രണ്ടര മാസം അടച്ചിട്ട െറസ്റ്റോറന്റുകൾ ചൊവ്വാഴ്ച തുറക്കുമ്പോൾ ശരീര താപനില പരിശോധന കടന്ന് വേണം അകത്തേക്ക്‌ കയറാൻ. സ്വന്തം മേൽവിലാസം രേഖപ്പെടുത്തണം. അങ്ങനെ ഒരുപിടി നിർദേശങ്ങൾ ചിട്ടയായി പാലിക്കാെത ആർക്കും ഹോട്ടലിലിരുന്ന് ഭക്ഷണം കഴിക്കാമെന്ന് സ്വപ്നംപോലും കാണണ്ടെന്ന് അധികൃതർ.

ഇതടക്കമുള്ള നിർദേശം പാലിക്കുന്നതിനൊപ്പം ശുചീകരണത്തിനും അണുനശീകരണത്തിനുമുള്ള സജ്ജീകരണങ്ങൾ ഞായറാഴ്ച ആരംഭിച്ചു. ജില്ലയിലെ െറസ്റ്റോറന്റുകളിൽ പകുതിമാത്രമാണ് ലോക്ഡൗൺ കാലത്ത് പാഴ്സൽ സർവീസുകൾ നടത്തിയത്. അതിനാൽ പല ഹോട്ടലുകളിലേയും ഉപകരണങ്ങൾ നശിച്ചിട്ടുണ്ട്. ഇവയിൽ പലതും വളരെ വേഗം വാങ്ങിക്കാൻ കഴിയുന്നവയല്ലെന്ന് ഉടമകൾ പറയുന്നു. ഒപ്പം സാന്പത്തികനഷ്ടവും നേരിടേണ്ടിവരുന്നു. വാടക ഇനത്തിലടക്കം വൻ തുക നഷ്ടം നേരിടുന്ന പലരും ഇനി തുറന്നു പ്രവർത്തിച്ചാലും ഇരുന്നു ഭക്ഷണംകഴിക്കാൻ ആൾക്കാരെ ലഭിക്കുമോയെന്ന ആശങ്കയും പങ്കിടുന്നുണ്ട്. 70 ശതമാനം തൊഴിലാളികൾ നാട്ടിലേക്ക് മടങ്ങിപ്പോയതും കച്ചവടം കുറയുമെന്നതും മുന്നിൽകണ്ട് ഉച്ചയൂണ് അടക്കം പല പ്രധാന മെനുവും ഉപേക്ഷിക്കുകയാണ് പലരും. കാത്തിരിപ്പിന്റെ മൂന്നാം മാസം ഹോട്ടലുകളിൽ ഭക്ഷണപ്പെരുമ ഉണരാനൊരുങ്ങുമ്പോൾ കൊറോണയ്ക്കെതിരേ ജാഗ്രത വേണമെന്ന് ഹോട്ടൽ അസോസിയേഷനും മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകൾ റെേസ്റ്റാറന്റുകൾക്കു മാർഗനിർദേശങ്ങൾ നൽകിക്കഴിഞ്ഞു.

നിർദേശം പാലിക്കാൻ അധികച്ചെലവ്

എല്ലാ ഹോട്ടലുകളും തെർമൽ സ്കാനർ വാങ്ങിച്ചിരിക്കണം. ഇതിനായി 3,500 രൂപ ചെലവുണ്ട്. പാത്രങ്ങൾ ഹൈപ്പോക്ലോറൈഡ് ഉപയോഗിച്ച് കഴുകും. ക്യൂ.എം.ബി.എ. സാനിെെറ്റസർ ഉപയോഗിച്ച് വേണം മിക്സി, െെഗ്രൻഡർ പോലെയുള്ള ഉപകരണങ്ങൾ കഴുകാൻ. ജീവനക്കാർ വാച്ച്, മാല, വള എന്നിവ ഉപയോഗിക്കരുത്. ക്ലോറിൻ ഗുളിക ‌ഉപയോഗിച്ച് പച്ചക്കറി കഴുകണം.