പമ്പാവാലി: തീറ്റതേടി നാട്ടിലിറങ്ങിയ കാട്ടുപന്നിക്കൂട്ടത്തിലെ രണ്ട് പന്നിക്കുഞ്ഞുങ്ങൾ കൃഷിയിടത്തിലെ മാലിന്യക്കുഴിയിൽപ്പെട്ടു. ഇവയെ കർഷകർ കരക്കെത്തിച്ച് വനത്തിൽ വിട്ടു.

അഴുതക്കടവ് ഉറുമ്പിൽ പ്രദീപിന്റെ കൃഷിയിടത്തിൽ പത്തടിയോളം താഴ്ചയുള്ള കുഴിയിലാണ് പന്നിക്കുഞ്ഞുങ്ങൾ വീണത്. ഇവക്ക് മൂന്നുമാസത്തോളം പ്രായമുണ്ട്. ചൊവ്വാഴ്ച പുലർച്ചെ കാട്ടുപന്നികൾ കൂട്ടമായെത്തി കൃഷിയിടത്തിൽ നാശം വരുത്തിയിരുന്നു. 60-ഓളം വാഴയും പത്ത് തൈ റബറുകളുമാണ് നശിപ്പിച്ചത്. മൃഗശല്യം തടയാൻ പറമ്പിന് ചുറ്റും സ്ഥാപിച്ചിരുന്ന ടിൻഷീറ്റ് കൊണ്ടുള്ള മറ ഇളക്കിയാണ് പന്നിക്കൂട്ടം കൃഷിയിടത്തിൽ കയറിയത്.

പിറ്റേന്ന് പകൽ പ്രദീപ് വാഴത്തൈകൾ നനക്കുന്നതിനിടെയാണ് പന്നിക്കുഞ്ഞുങ്ങൾ കുഴിയിൽ കിടക്കുന്നത് കണ്ടത്. വനസംരക്ഷണ സമിതി പ്രസിഡന്റ് സതീഷ് ഉറുമ്പിലിനെ വിവരം അറിയിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.അനിൽകുമാറിന്റെ നിർദേശപ്രകാരം സതീഷും സുഹൃത്ത് ജയകുമാറും ചേർന്ന് കുഴിയിലിറങ്ങി പന്നിക്കുഞ്ഞുങ്ങളെ കരയ്‌ക്കെത്തിച്ച് കാട്ടിലേക്ക് വിട്ടയച്ചു.