കാഞ്ഞിരപ്പള്ളി: എരുമേലി റോഡിൽ പറപ്പള്ളി വളവിൽ ക്രാഷ് ബാരിയർ സ്ഥാപിക്കാൻ നടപടിയായി. അപകടങ്ങൾ പതിവായ റോഡിലെ വളവിൽ 150 മീറ്ററോളം ദൂരത്തിൽ 11ലക്ഷം രൂപ ചെലവാക്കിയാണ് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്. നിർമാണം രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്നും ടെൻഡർ നടപടികൾ പൂർത്തിയായതായും പൊതുമരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. വളവിൽ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ നപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പി.യു.സി.എൽ. ജില്ലാ ജനറൽ സെക്രട്ടറി എച്ച്.അബ്ദുൽ അസീസ് താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയിൽ പരാതി നൽകിയിരുന്നു. പരാതി പരിഹരിക്കാൻ കമ്മിറ്റി നടത്തിയ സിറ്റിങ്ങിലാണ് ക്രാഷ് ബാരിയർ സ്ഥാപിക്കാൻ തുക അനുവദിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചത്.