കോട്ടയം: കുറ്റകൃത്യം തടയുന്നതിനും കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിക്കുന്നതിനും പോലീസ് നടപ്പാക്കുന്ന ത്രിമുഖ പദ്ധതിക്ക് ജില്ലയിൽ തുടക്കമാകുന്നു. പോലീസ് സ്റ്റേഷനുകളിൽ റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ അന്വേഷണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകി സജ്ജമാക്കുന്നതാണ് പദ്ധതി. ഇതനുസരിച്ച് ഒരു സ്റ്റേഷനിൽനിന്ന് മൂന്ന് പേരടങ്ങുന്നവർക്ക് മൂന്ന് തരത്തിൽ പരിശീലനം നൽകും. 45 വയസ്സിൽതാഴെയുള്ള പോലീസ് ഉദ്യോഗസ്ഥരെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഇവരെ ‘റെഡ് ക്യാപ്,’ ‘വൈറ്റ് ക്യാപ്,’ ‘ബ്ലൂ ക്യാപ്’ എന്നിങ്ങനെ കേസുകളുടെ അടിസ്ഥാനത്തിൽ വിഭജിച്ചാണ് പരിശീലനം നൽകുന്നത്. ഈമാസം പരിശീലനം തുടങ്ങും. എഫ്.ഐ.ആർ. തയ്യാറാക്കുന്നതുമുതൽ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളിലാണ് പരിശീലനം.

റെഡ് ക്യാപ്പ്

പരിക്കേൽപിക്കൽ, കൊലപാതകം, കവർച്ച, പോക്സോ തുടങ്ങിയ കേസുകൾ

വൈറ്റ് ക്യാപ്പ്

വഞ്ചനക്കുറ്റം, കള്ളനോട്ട്, സൈബർ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ.

ബ്ലൂ ക്യാപ്പ്

മോഷണം, ഗാർഹികപീഡനം, മുതിർന്ന പൗരന്മാർക്കെതിരായ അതിക്രമങ്ങൾ.

കോട്ടയം ടച്ച്

ഇപ്പോഴത്തെ കൊല്ലം റൂറൽ എസ്.പി. എസ്. ഹരിശങ്കർ കഴിഞ്ഞ സെപ്റ്റംബറിൽ കൊല്ലത്ത് നടപ്പാക്കിയ പദ്ധതിയാണിത്. അവിടെ വിജയംകണ്ട പദ്ധതിയുടെ മൊഡ്യൂൾ ഡി.ജി.പി.ക്ക് നൽകി. ഇതിന്റെ കാര്യക്ഷമത തിരിച്ചറിഞ്ഞാണ് എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുന്നത്.