കറുകച്ചാൽ: സമ്മാനമടിച്ച നമ്പർ വെട്ടി ഒട്ടിച്ചശേഷം ലോട്ടറി വിൽപ്പനക്കാരനിൽനിന്ന് യുവാവ് 1,000 രൂപ തട്ടിയെടുത്തു. നെടുംകുന്നം പനവേലിയിൽ രാജശേഖരപ്പണിക്കരുടെ പണമാണ് കവർന്നത്. തിങ്കളാഴ്ച നറുക്കെടുത്ത വിൻവിൻ ലോട്ടറിയുടെ ഒരേ നമ്പറുകളിലുള്ള രണ്ടു ടിക്കറ്റുകൾ നൽകിയായിരുന്നു തട്ടിപ്പ്. തിങ്കളാഴ്ച എടുത്ത ടിക്കറ്റാണെന്നും നോക്കാൻ വിട്ടുപോയെന്നും പറഞ്ഞ് രാജശേഖരപ്പണിക്കരെ കാണിക്കുകയായിരുന്നു. കാഴ്ചക്കുറവുള്ളതിനാൽ നമ്പർ വെട്ടിയൊട്ടിച്ചതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല. കൈവശം ഉണ്ടായിരുന്ന 1,000 രൂപ യുവാവിന് നൽകിയശേഷം ഇരുടിക്കറ്റുകളും ഇദ്ദേഹം വാങ്ങി. ഏജൻസിയിലെത്തി ടിക്കറ്റ്് കാണിച്ചപ്പോഴാണ് നമ്പറുകൾ വെട്ടി ഒട്ടിച്ചതാണെന്ന് തിരിച്ചറിഞ്ഞത്. കറുകച്ചാൽ പോലീസിൽ പരാതി നൽകുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം രജേഷ് കൈടാച്ചിറ പറഞ്ഞു. ഏതാനും നാളുകൾക്ക് മുൻപ് 12-ാംമൈലിലും സമാന സംഭവം ഉണ്ടായിരുന്നു.