മള്ളിയൂർ: ഋഷിതുല്ല്യനായി ജീവിച്ച് ഭാഗവതപര്യടനം ജീവിതചര്യയാക്കിയ മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ 99-ാമത് ജയന്തിയാഘോഷം സമാപിച്ചു. സമാപന സമ്മേളനത്തിൽ കേന്ദ്രമന്ത്രി ബാബുൾ സുപ്രിയോ, ഉടുപ്പി പേജാവർ മധാധിപതി വിശ്വപ്രസന്ന തീർത്ഥ സ്വാമി, സത്‌സംഗ് ഫൗണ്ടേഷൻ ചെയർമാൻ ശ്രീ എം., മാതാ അമൃതാന്ദമയി മഠത്തിലെ സ്വാമി പൂർണാമൃതാനന്ദപുരി, മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, മള്ളിയൂർ ദിവാകരൻ നമ്പൂതിരി, കുമ്മനം രാജശേഖരൻ, ഡോ. സി.ആർ.ആനന്ദബോസ്, മോൻസ് ജോസഫ് എം.എൽ.എ., കൂടൽമാണിക്കം ക്ഷേത്ര ട്രസ്റ്റ് ചെയർമാൻ പ്രദീപ് മേനോൻ, രാജസേനൻ, സൂര്യകാലടിമന ജയസൂര്യൻ ഭട്ടതിരി, വിശ്വരൂപൻ, ഡോ. ജയകുമാർ, ശിവരാമകൃഷ്ണ അയ്യർ, പള്ളിക്കൽ സുനിൽ, ബി.ജെ.പി.നേതാക്കളായ അരവിന്ദ് മേനോൻ, എ.എൻ.രാധാകൃഷ്ണൻ, എൻ.ഹരി എന്നിവർ പങ്കെടുത്തു. ജയന്തി ആഘോഷത്തിന്റെ ദീപ പ്രോജ്ജ്വലനം ഉഡുപ്പി പേജാവർമഠാധിപതി വിശ്വ പ്രസന്ന തീർത്ഥ മഹാരാജ് നിർവഹിച്ചു.

ബാബുൾസുപ്രിയോ

ഭാഗവതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുെവച്ച മള്ളിയൂരിന്റെ മണ്ണിൽ എത്താനായത് സൗഭാഗ്യമായി കാണുന്നുവെന്ന് കേന്ദ്രമന്ത്രി ബാബുൾസുപ്രിയോ പറഞ്ഞു. മള്ളിയൂരിന്റെ അദൃശ്യസാന്നിധ്യം ഇവിടെയുണ്ട്. സംഗീതം പോലെ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ എക്കാലത്തും നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ എം

ധർമം ജീവിതത്തിൽ പ്രയോഗികമാക്കുബോൾ ലളിതമായ ജീവിതശൈലി ലഭ്യമാകും. ഭക്തനും ഭഗവാനും ഒന്ന് എന്ന സത്യം അനുഷ്ഠാനങ്ങളിലൂടെ മനസിലാകും. ശ്രീകൃഷ്ണഭക്തിയാണ് അനുഭവങ്ങളിലൂടെ ഈശ്വരസാക്ഷാത്കാരം നേടുന്നതിന് ഏറ്റവും എളുപ്പം. ഭഗവാൻ ആനന്ദമാണ് അത് നമ്മുടെ ഉപബോധ മനസ്സിൽ നിൽക്കും. ഭാഗവതം കഥ മാത്രമല്ല, അതിൽ അധ്യാത്മികമായ അവതരണം ഉൾക്കൊള്ളുന്നു. സംസ്കൃതം എല്ലാ സർവകലാശാലകളിലും അവതരിപ്പിക്കണമെന്ന കാര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്.

വിശ്വപ്രസന്ന തീർഥ സ്വാമി

ഭഗവാന്റെ സാമീപ്യമുണ്ടെങ്കിൽ മാത്രമേ നമ്മൾക്ക് വിജയിക്കുവാൻ കഴിയു. ഭഗവാന്റെ സാമീപ്യമില്ലങ്കിൽ നമ്മൾ ജീവിതത്തിൽ പരാജയപ്പെടും.

കുമ്മനം രാജശേഖരൻ

ഭാഗവത സന്ദേശം ലോകത്തോട് വിളിച്ച് പറഞ്ഞ ഭാഗവത ആചാര്യനാണ് മള്ളിയൂർ ശങ്കരൻ നമ്പൂതിരി. ഭാഗവത പാടശാലകൾ നാട്ടിൽ ഉണ്ടാകണം. നമ്മുടെ സംസ്കാരം വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ യുവതലമുറയ്ക്ക് ജീവിക്കുവാനുള്ള പ്രേരണയായി ഭാഗവതസന്ദേശം ഗ്രാമങ്ങളിലും, നഗരങ്ങളിലും എല്ലാം എത്തണം.

അടുത്തവർഷം ജന്മശതാബ്ദി ആഘോഷം

മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ നൂറാം ജയന്തിയാഘോഷം 2021 ജനുവരി 23 മുതൽ ഫെബ്രുവരി രണ്ട് വരെ നടക്കും. ആഘോഷത്തിന്റെ ഭാഗമായി രാമായണ മഹാസാമ്രാജ്യ പട്ടാഭിഷേകം നടക്കും. 125 ആചാര്യമാർ ഒരേസമയത്ത് രാമായണം പാരായണം ചെയ്യും.