തിരുവാതുക്കൽ (കുമരകം): വീട്ടിൽ അവരില്ലേ ...അങ്ങോട്ട് പോകാം...പ്രവീണിന്റെ വാക്കുകൾ കേട്ട് തിരുവാതുക്കൽ ഗ്രാമം കണ്ണീരണിഞ്ഞു. ശനിയാഴ്ച പുലർച്ചെ എം.സി.റോഡിൽ കാളികാവിലുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ട കുടുംബത്തിലെ അവശേഷിക്കുന്ന കണ്ണിയാണ് പ്രവീൺ. ഭാര്യയുടെ മാതാവ് മരണപ്പെട്ടെന്ന വിവരം അറിയിച്ചാണ് കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവീണിനെ ബന്ധുക്കൾ നാട്ടിൽ എത്തിച്ചത്. തിരുവന്തപുരം വിമാനത്താവളത്തിൽ എത്തിയ പ്രവീൺ ശനിയാഴ്ച വൈകീട്ട് 7.15-ന്‌ തിരുവാതുക്കൽ വീട്ടിലെത്തി. വീട്ടിലേക്ക്‌ വരും വഴിയുള്ള പ്രദേശങ്ങളിലെല്ലാം തന്നെ മരണവാർത്ത അറിയിക്കുന്ന ഫ്ളക്‌സ് ബോർഡുകൾ നിരന്നിരുന്നു. ഇതിനാൽ തിരക്ക് കുറഞ്ഞ വഴിയൂടെയാണ് പ്രവീണിനെ വീട്ടിൽ എത്തിച്ചത്. വീട്ടിലേയ്ക്ക് നടക്കും വഴി അയൽവീട്ടിലേയ്ക്ക് കയറാമെന്ന് സുഹൃത്തുക്കൾ പറഞ്ഞപ്പോൾ വീട്ടിൽ അവരില്ലേ അങ്ങോട്ട് പോകാമെന്ന് ആയിരുന്നു പ്രവീൺ പറഞ്ഞത്. തന്റെ വീട്ടിൽ ഇനി താൻ മാത്രമേയുള്ളൂ എന്ന സത്യം അറിയാതെയുള്ള പ്രവീണിന്റെ വാക്കുകൾ അവിടെ കൂടിനിന്ന ജനങ്ങളെ കണ്ണീരണിയിച്ചു. വീടിന് ചുറ്റും കൂടിനിന്ന ജനക്കൂട്ടം പ്രവീണിനെ നോക്കി കരയുകയായിരുന്നു. പ്രവീണിനെ കണ്ട് അയൽവാസിയായ വീട്ടമ്മ സങ്കടം സഹിക്കാതെ കുഴഞ്ഞ് വീണു. വീടിനുള്ളിൽ നിറയെ ബന്ധുമിത്രാദികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടുകാരെ തേടിയ പ്രവീണിനെ വീടിന്റെ മുകളിലത്തെ നിലയിലേക്ക്‌ സുഹൃത്തുക്കൾ കൊണ്ടുപോയി അവിടെെവച്ചാണ് ഇനി ഇവിടെ താൻമാത്രമേയുള്ളൂ എന്നുള്ള സത്യം ഇദ്ദേഹം അറിയുന്നത്.

ഞായറാഴ്ച രാവിലെ എട്ടുമണിയോടെ മോർച്ചറിയിൽനിന്നും പുറത്ത് എടുക്കുന്ന മൃതദേഹങ്ങൾ തിരുവാതുക്കൽ ഗുരുമന്ദിരത്തിന്റെ സമീപത്തായി പ്രത്യേകം തയ്യാറാക്കിയ പന്തലിൽ എത്തിക്കും. പ്രവീണിന്റെ പിതാവ് തമ്പി, മാതാവ് വത്സല, ഭാര്യാമാതാവ് ഉഷ, ഭാര്യ പ്രഭ, മകൻ അർജുൻ എന്ന അമ്പാടി എന്നിവരുടെ മൃതദേഹങ്ങൾ രാവിലെ പതിനൊന്ന് മണിയോടെ വേളൂർ എസ്.എൻ.ഡി.പി. ശ്മശാനത്തിൽ സംസ്‌കരിക്കും.