കോട്ടയം: എം.സി.റോഡ് വട്ടമൂട് പാലം ജങ്ഷന് സമീപം ഓട്ടോറിക്ഷകളും സ്‌കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഒരു ഓട്ടോ ഓടിച്ചിരുന്ന ചൂട്ടുവേലിക്കുസമീപം ഹോട്ടൽ നടത്തുന്ന പെരുമ്പായിക്കാട് ഇരുട്ടുമാലി അബ്ദുൾ സാലി (60), രണ്ടാമത്തെ ഓട്ടോയുടെ ഡ്രൈവർ വൈക്കം ചേറുമാലിൽ താഷിം (45), സ്കൂട്ടർ യാത്രികയായ കീഴുകുന്ന് താന്നിക്കപ്പറമ്പിൽ റീന (38) എന്നിവർക്കാണു പരിക്കേറ്റത്. മൂവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ബൈക്കിലെ യാത്രക്കാരനായ യുവാവിനും നിസാര പരിക്കേറ്റു.

ശനിയാഴ്ച ഉച്ചയ്ക്ക് 1.20-നാണ് അപകടം.

കോട്ടയം ഭാഗത്തുനിന്നു ഹോട്ടലിലേക്കു പച്ചക്കറിയും വാങ്ങി പോകുകയായിരുന്ന സാലിയുടെ ഓട്ടോ, വട്ടമൂട് ഭാഗത്തുനിന്നു എം.സി. റോഡിലേക്കുവന്ന സ്കൂട്ടറിൽ തട്ടി നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് എതിരേവന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം വട്ടംകറങ്ങി വീണ്ടും സ്കൂട്ടറിൽ ഇടിച്ചു. വൈക്കത്തുനിന്നുവന്ന ഓട്ടോറിക്ഷ ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്തുള്ള സ്വകാര്യ മെഡിക്കൽ ലാബിന്റെ കോമ്പൗണ്ടിലേക്കു ഇടിച്ചുകയറി. മുമ്പിലുണ്ടായിരുന്ന ഒരു ബൈക്കിലിടിച്ച ഓട്ടോ ലാബിന്റെ പരിസരത്ത് പാർക്ക് ചെയ്തിരുന്ന മറ്റു രണ്ടുബൈക്കുകളിൽ ഇടിച്ചാണു നിന്നത്.

ഗാന്ധിനഗർ എസ്.ഐ. ടി.എസ്.റെനീഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.