ചങ്ങനാശ്ശേരി: നിർഭയരായി ഇരുട്ടിലൂടെ അവർ നടന്നു. കൂട്ടിന് പലയിടത്തുനിന്നെത്തിയ വനിതകളുണ്ടായിരുന്നു. പരിചയം ചെറുപുഞ്ചിരിയിലൂടെ വളർന്നു. നടന്നുതുടങ്ങിയപ്പോൾ അവർ വാചാലരായി. രാത്രി 11-ന് നഗരസഭയുടെ മുന്നിൽനിന്നു വൈസ്‌ചെയർമാൻ അംബികാ വിജയന്റെയും നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പലിന്റെയും മറ്റ് നഗരസഭാംഗങ്ങളുടെയും നേതൃത്വത്തിൽ സ്ത്രീകൾ രാത്രിയെ പകലാക്കി തെരുവിലൂടെ സഞ്ചരിച്ചു. സംസ്ഥാന സർക്കാരിന്റെയും ശിശുക്ഷേമ സമിതിയുടെയും നേതൃത്വത്തിൽ നടന്ന പരിപാടിയിൽ കൈക്കുഞ്ഞുങ്ങളും പ്രായമേറിയവരുമെല്ലാം ഒരേ മനസ്സോടെയാണ് തെരുവിലൂടെ നടന്നത്. പൊതു ഇടം എന്റേതും എന്നതായിരുന്നു മുദ്രാവാക്യം. ഇരുന്നൂറു മീറ്റർ അകലത്തിൽ വൊളന്റിയർമാരും ഉണ്ടായിരുന്നു.

ചങ്ങനാശ്ശേരി നഗരത്തിൽ അഞ്ച് കേന്ദ്രങ്ങളായ, സന്താന ഗോപാല ക്ഷേത്രംജങ്‌ഷൻ, വട്ടപ്പള്ളി ജങ്‌ഷൻ, എസ്.ബി. കോളേജ്, അരമനപ്പടി, മന്നം ജങ്‌ഷൻ, എന്നിവിടങ്ങളിൽനിന്ന് ആരംഭിച്ച നടത്തം സെൻട്രൽ ജങ്‌ഷനിൽ സമാപിച്ചു. അങ്കണവാടി അധ്യാപകർ, സാമൂഹ്യനീതിവകുപ്പ് സൂപ്പർവൈസർമാർ എന്നിങ്ങനെ 125 വനിതകളാണ് എത്തിയത്. സമാപന സമ്മേളനം വൈസ്‌ചെയർമാൻ അംബികാ വിജയൻ ഉദ്ഘാടനം ചെയ്തു.