കറുകച്ചാൽ: നെടുംകുന്നം പഞ്ചായത്ത് ഒൻപതാം വാർഡ് കല്ലൻമാവ് പ്രദേശത്ത് ജില്ലാപഞ്ചായത്ത് നിർമിച്ച വയോജന വിശ്രമകേന്ദ്രം കാടുകയറി നശിക്കുന്നു. ഉദ്ഘാടനം ചെയ്തശേഷം അടച്ചുപൂട്ടിയ കെട്ടിടം തുറന്നുപ്രവർത്തിപ്പിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചിട്ടില്ല. കങ്ങഴ, നെടുംകുന്നം, വെള്ളാവൂർ പഞ്ചായത്തുകളിലെ വയോജനങ്ങളുടെ ക്ഷേമത്തിനായി 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലാപഞ്ചായത്ത് 30 ലക്ഷം രൂപ മുതൽമുടക്കി ഉന്നത നിലവാരത്തിലുള്ള കെട്ടിടം നിർമിച്ചത്. കേന്ദ്രത്തിന് ആവശ്യമായ സ്ഥലം പ്രദേശവാസികളായ മൂന്നുപേർ സൗജന്യമായി നൽകുകയായിരുന്നു. നിർമാണം പൂർത്തിയാക്കിയ മന്ദിരത്തിൽ ടി.വി., മേശ, അലമാര, കസേരകൾ തുടങ്ങി എല്ലാ ഉപകരണങ്ങളുമുണ്ട്. കെട്ടിടം പ്രവർത്തിക്കാത്തതിനാൽ പരിസരം കാടുകയറി നശിക്കുകയാണ്. രാത്രികാലങ്ങളിൽ ഇവിടെ സമൂഹവിരുദ്ധശല്യവും രൂക്ഷമാണ്.

പാഴായ വാഗ്ദാനങ്ങൾ

വയോജന വിശ്രമകേന്ദ്രത്തിൽ ഇൻഡോർ സ്‌റ്റേഡിയം, കോൺഫറൻസ്‌ഹാൾ, കൗൺസിലിങ് സെന്റർ, പൂന്തോട്ടം, വിനോദത്തിനുള്ള ഉപാധികൾ തുടങ്ങി നിരവധി സൗകര്യങ്ങൾ സ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം. രണ്ടാംഘട്ടത്തിൽ ഇതിനായി 30 ലക്ഷം രൂപ അധികമായി അനുവദിക്കുമെന്ന് ജില്ലാപഞ്ചായത്ത് അറിയിച്ചെങ്കിലും ഇത് നടന്നില്ല. ലക്ഷങ്ങൾ ചെലവഴിച്ച് കെട്ടിടം നിർമിച്ച് ഉദ്ഘാടനം ചെയ്തതല്ലാതെ ഒരുദിവസംപോലും തുറന്നുപ്രവർത്തിച്ചിട്ടില്ല.

കെട്ടിടനമ്പറും വൈദ്യുതിയുമില്ല

കെട്ടിടം നിർമിച്ച് ഒന്നര വർഷം പിന്നിടുമ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. പഞ്ചായത്ത് കെട്ടിട നമ്പർ സ്ഥാപിച്ചാൽ മാത്രമേ വൈദ്യുതിക്ക് അപേക്ഷ നൽകാൻ കഴിയൂ. കെട്ടിടം നിർമിക്കാൻ പഞ്ചായത്ത് അനുമതി നൽകിയതല്ലാതെ തുടർ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോയതുമില്ല. കേന്ദ്രം തുറന്നു പ്രവർത്തിക്കണമെങ്കിൽ ഒരു ജീവനക്കാരനെ നിയമിക്കണം. ഇങ്ങനെ ഒരാളെ നിയമിച്ചാൽ ശമ്പളം നൽകുന്നതടക്കമുള്ള കാര്യങ്ങൾ പഞ്ചായത്തിന് അധിക ബാധ്യതയാകും. ജില്ലാപഞ്ചായത്ത് പദ്ധതിയായതിനാൽ ഗ്രാമപ്പഞ്ചായത്ത് ഈ കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല. തുടർ പ്രവർത്തനം ഉടൻ ആരംഭിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രഖ്യാപനം നടത്തിയെങ്കിലും ഇതും നടപ്പായില്ല. മൂന്നു പഞ്ചായത്തുകളിലെ നൂറുകണക്കിന് വയോജനങ്ങളുടെ പ്രതീക്ഷയായിരുന്നു കേന്ദ്രം. കെട്ടിടം തുറന്നുപ്രവർത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കും. രണ്ടാംഘട്ട നിർമാണത്തിന് 30 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനമായിട്ടുണ്ട്- ജില്ലാപഞ്ചായത്തംഗം അജിത്ത് മുതിരമല.