വൈക്കം: ചെമ്പ് പഞ്ചായത്തിലെ ബ്രഹ്മമംഗലത്തേയും മുറിഞ്ഞപുഴയേയും ബന്ധിപ്പിക്കുന്നതിന്‌ വിഭാവനംചെയ്ത മുറിഞ്ഞപുഴ-വാലേൽ പാലവും റോഡും യാഥാർഥ്യമാക്കുന്നതിനുളള നടപടി ഇഴഞ്ഞുനീങ്ങുന്നു. അനുബന്ധറോഡിന് സ്ഥലം ഏറ്റെടുക്കാൻ കഴിയാത്തതാണ് നിർമാണത്തിന്‌ തടസ്സം.

ബ്രഹ്മമംഗലം, ചെമ്പിന്റെ പടിഞ്ഞാറൻ മേഖല എന്നിവിടങ്ങളിലുള്ളവർ എളുപ്പമാർഗമെന്നനിലയിൽ പുഴയ്ക്കുകുറുകെയുള്ള പഞ്ചായത്തുകടത്തിനെയാണ് ആശ്രയിക്കുന്നത്. കോട്ടയം-എറണാകുളം റോഡിൽ മുറിഞ്ഞപുഴ പാലത്തിന്‌ സമീപത്തുനിന്ന്‌ കിഴക്കുവശത്തേക്ക് റോഡ്‌ ഉയർത്തിനിർമിച്ചാണ് പുഴയോരത്ത് എത്തേണ്ടത്. എന്നാൽ ഇതിനുള്ള നടപടിക്രമങ്ങൾ ഒന്നുമായില്ല.

ഇപ്പോൾ പാലത്തിനും റോഡിനുമായി 18 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. പുഴയ്ക്കിരുവശവുമുള്ള ചെമ്പ്, ബ്രഹ്മമംഗലം ഭാഗത്താണ് സർക്കാർ ഓഫീസുകളെല്ലാം പ്രവർത്തിക്കുന്നത്. ഇരുഭാഗത്തുമുള്ളവർക്ക്‌ ഇപ്പോൾ റോഡിലൂടെ 13 കിലോമീറ്ററോളം സഞ്ചരിക്കേണ്ടിവരുന്നു. മുറിഞ്ഞപുഴ വാലേൽ പാലവും റോഡും യാഥാർഥ്യമായാൽ മൂന്നുകിലോമീറ്റർ യാത്രചെയ്താൽമതി.