വൈക്കം: വേദമന്ത്രധ്വനികൾ ഭക്തിസാന്ദ്രമാക്കിയ ലക്ഷാർച്ചനയുടെ പുണ്യംതേടി ചാത്തൻകുടി ദേവീക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. ക്ഷേത്രത്തിൽ തിങ്കളാഴ്ച രാവിലെ സൂര്യകാലടിമന സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാട് മഹാഗണപതിഹോമം നടത്തിയശേഷം എട്ട് ദിവസം നീളുന്ന കനകധാരായജ്ഞവും ലക്ഷാർച്ചനയും തുടങ്ങി. തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിലാണ് യജ്ഞവും ലക്ഷാർച്ചനയും നടക്കുന്നത്. 10 വേദപണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് ചടങ്ങുകൾ.

ചെത്തി, തുളസി, താമര തുടങ്ങി 15 പറ പൂവാണ് ഒരുദിവസത്തെ അർച്ചനയ്ക്ക് ആവശ്യം. മൂന്ന് ലക്ഷത്തി മുപ്പതിനായിരം അർച്ചനകളും 1008 കനകധാരാർച്ചനയും ഏഴ് അർച്ചനാ കലശങ്ങളുമാണ് എട്ട് ദിവസംകൊണ്ട് പൂർത്തിയാക്കുന്നത്. ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനിയേടത്ത് മേക്കാട്ടില്ലത്ത് ചെറിയ നാരായണൻ നമ്പൂതിരി, പുലിയന്നൂർ മുരളി നാരായണൻ നമ്പൂതിരി, വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരി, കടിയക്കോൽ ശ്രീകാന്ത് നാരായണൻ നമ്പൂതിരി, പുതുമന ദാമോദരൻ നമ്പൂതിരി, ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരി, മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയകൃഷ്ണൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ.