കോട്ടയം: സ്ഥലം: ഗാന്ധിസ്ക്വയർ. സമയം: നിർഭയദിനമായ ഞായറാഴ്ച രാത്രി 10.00.‘‘പൊതുയിടം ഞങ്ങളുടേതു’’മെന്ന് ഓർമപ്പെടുത്തി വനിത ശിശുവികസനവകുപ്പ്, നടത്തുന്ന േറാഡിലെ പെൺനടത്തത്തിനായി പെണ്ണുങ്ങൾ നേരത്തേ എത്തി. വല്ലാത്ത സന്തോഷത്തിലും ആശ്ചര്യത്തിലുമായിരുന്നു എല്ലാവരും.‘‘രാത്രിനടത്തം പലർക്കും കൗതുകവും ആദ്യാനുഭവമാകും’’കോട്ടയം നഗരസഭാ ചെയർപേഴ്സൺ ഡോ.പി.ആർ. സോന എല്ലാവരോടുമായി പറഞ്ഞു. അതിനിടയിൽ ജില്ലാ കളക്ടർ പി.കെ. സുധീർബാബു എത്തി.

‘‘എല്ലാ റൂട്ടുകളും പോലീസിന് ഉണ്ടല്ലോ’’കളക്ടർ വനിതാ െപ്രാട്ടക്ഷൻ ഓഫീസർ പി.എൻ. ശ്രീദേവിയോട് അന്വേഷിക്കുന്നു. ആറ് സംഘമായി തിരിഞ്ഞ് പേപ്പറിൽ പേരും മേൽവിലാസവും രേഖപ്പെടുത്തി. 11 മണിയോടെ നടത്തം തുടങ്ങി. എഴുത്തുകാരി കെ.ആർ.മീര സ്നേഹസന്ദേശം നൽകി.‘‘സ്ത്രീകൾ രാത്രി ധൈര്യമായി ഇറങ്ങി നടന്നാലേ അതിന് അവസരമുണ്ടാകൂ. സർക്കാർ സംഘടിപ്പിച്ച ഈ നടത്തം സമൂഹത്തിന് നൽകുന്ന വലിയ സന്ദേശമായിട്ടാണ് കാണുന്നത്’’അവർ പറഞ്ഞു. വനിതാ െപ്രാട്ടക്ഷൻ ഓഫീസർ ചൊല്ലിക്കൊടുത്ത പ്രതിജ്ഞ എല്ലാവരും ഏറ്റുചൊല്ലുന്നു. എല്ലാ സംഘങ്ങൾക്കും പല നിറമുള്ള വിസിലുകൾ നൽകി. സഹായം വേണമെങ്കിൽ ഒരു വിസിൽ അകലത്തിൽ പോലീസ് സഹായം ഉറപ്പാണെന്ന സന്ദേശം.

മൂന്നംഗങ്ങളുള്ള പല സംഘങ്ങളായി ആറ് വീഥികളിലേക്ക്. ഒരു സംഘത്തിന് 200 മീറ്റർ പിന്നിൽ അടുത്ത സംഘം. അങ്ങനെ 200 പേരടങ്ങുന്ന സംഘം.

ഗാന്ധിസ്ക്വയറിൽനിന്ന് എസ്.എൻ. ജങ്‌ഷൻ, കെ.എസ്.ആർ.ടി.സി, സി.എം.എസ്. കോളേജ്, ചിൽഡ്രൻസ് ലൈബ്രറി, ബസേലിയസ് കോളേജ് ജങ്‌ഷൻ എന്നിവിടങ്ങളിലൂടെ നടന്ന് വീണ്ടും ഗാന്ധി സ്ക്വയറിൽ മടങ്ങിയെത്തിയപ്പോൾ പലരും പുതിയ വഴിനടത്തത്തിന്റെ വെളിച്ചത്തിലായിരുന്നു.

‘‘എന്ത് പ്രഹസനമാണെന്റെ കൂട്ടരേ....വഴിവിളക്കും സി.സി.ടി.വിയും പോലീസും വൊളന്റിയർമാരും ചേർന്ന് റൂട്ട് ക്ലിയറാക്കിയ വഴിയെ ‘വിസിലും’ പിടിച്ച് ഞങ്ങൾക്കിപ്പോ നടക്കേണ്ടായെന്ന് വാശി പിടിച്ചവർപോലും നടത്തത്തി‌ന്റെ ഭാഗമായി’’സി.ഡി.എസ്. ചെയർപേഴ്സൺ അജിതാ ഗോപൻ പറഞ്ഞു.

കളക്‌ടറേറ്റിന്റെ ഭാഗത്തേക്ക് നടന്ന നഗരസഭാ ചെയർപേഴ്സൺ ഡോ.പി.ആർ. സോനയും രണ്ടംഗങ്ങളും തട്ടുകടയിൽ കയറി കട്ടൻകാപ്പി കുടിച്ചു. സി.എം.എസ്. കോളേജിൽ എത്തിയ സംഘം കോളേജിന് മുന്നിലെ വെളിച്ചത്തിൽ പാട്ടും നൃത്തവുമായി രാത്രി നടത്തത്തിന്റെ സ്വാതന്ത്ര്യം അനുഭവിച്ചു. രാത്രി നടത്തം അവസാനിപ്പിച്ച് തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ എല്ലാവരും ഗാന്ധി സ്ക്വയറിൽ തിരിച്ചെത്തി.

നടന്നത് 28 വീഥികളിൽ

ജില്ലയിൽ ആറു മുനിസിപ്പാലിറ്റികളിൽ നഗരമധ്യത്തിൽനിന്ന് 28 കേന്ദ്രത്തിലേക്കും തിരികെയുമായിരുന്നു നടന്നത്. ഏറ്റുമാനൂർ, പാലാ, ചങ്ങനാശ്ശേരി, വൈക്കം, ഇൗരാറ്റുപേട്ട എന്നിവിടങ്ങളിലായിരുന്നു നടത്തം. െെവക്കത്ത് സി.കെ.ആശ എം.എൽ.എയും പാലായിൽ നഗരസഭ അധ്യക്ഷ മേരി ഡൊമിനിക്കും ഏറ്റുമാനൂരിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ ലൗലി ജോർജ് എന്നിവർ നേതൃത്വം നൽകി.