എരുമേലി: മണ്ഡലകാല ഇടവേള കഴിഞ്ഞു. മകരവിളക്ക് തീർഥാടനത്തിനായി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് ശബരിമല നട തുറക്കും. എരുമേലിയിലേക്ക്‌ അയ്യപ്പഭക്തരുടെ വരവ് തുടങ്ങി. ഇടവേളയിൽ അടച്ച താത്കാലിക കടകൾ തുറന്ന് പ്രവർത്തനം തുടങ്ങി. ഇനി എരുമേലി മകരവിളക്കുത്സവത്തിന്റെ തിരക്കിലേക്ക്.

മണ്ഡലകാലത്തെ അപേക്ഷിച്ച് മകരവിളക്കുത്സവത്തിനാണ് കൂടുതൽ തിരക്കനുഭവപ്പെടുക. എരുമേലിയിൽനിന്നു പേരൂർതോട് വഴിയുള്ള പരമ്പരാഗത കാനനപാതയിലും തിരക്കേറും. മകരവിളക്കുത്സവത്തിന് എരുമേലി സെന്ററിൽനിന്നു 15 ബസാണ് പമ്പ സർവീസിനുള്ളത്. ജനുവരി 12-നാണ് എരുമേലി പേട്ടതുള്ളൽ. 11-ന് ചന്ദനക്കുടം.

തിരക്കിനനുസരിച്ച് നിയന്ത്രണം

മണ്ഡലകാലത്തെ ഭക്തജനതിരക്കിന്റെ പശ്ചാത്തലത്തിൽ ഗതാഗത ക്രമീകരണത്തിന് പോലീസ് മറുവഴി തേടുന്നുണ്ട്. റോഡിൽ വാഹനങ്ങൾ തടഞ്ഞിടാതെ കൂടുതൽ പാർക്കിങ്ങ് സ്ഥലങ്ങൾ കണ്ടെത്താനാണ് ശ്രമം. പ്രധാനമായും എരുമേലി മുതൽ കണമല വരെയുള്ള പാതയോരങ്ങളിൽ പാർക്കിങ്ങിന് സ്ഥലം കണ്ടെത്താനാണ് ശ്രമം. തിരക്കധികമായാൽ ഇടത്താവളങ്ങളിലും നിയന്ത്രണമുണ്ടാകും.

മണ്ഡലകാലം അവസാന പാദത്തിൽ നിലയ്ക്കലേക്ക് എത്താനാകാതെ തീർഥാടക വാഹനങ്ങൾ മണിക്കൂറുകളോളമാണ് ശബരിമല പാതകളിൽ കുടുങ്ങി. ഭക്ഷണവും കുടിവെള്ളവും പ്രാഥമിക സൗകര്യങ്ങളുമില്ലാതെ അയ്യപ്പൻമാർ വലഞ്ഞു.

കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. ജെ.സന്തോഷ്‌കുമാർ, എസ്.എച്ച്.ഒ. ആർ. മധു, എസ്.ഐ. പി.എസ്. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ 378 പോലീസുകാരാണ് മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ആഴ്ചയിൽ സുരക്ഷാ ക്രമീകരണങ്ങൾക്കുള്ളത്.

ഒടിവുണ്ടോയെന്ന് സംശയം; പരിശോധിച്ചത് പത്തോളം ഭക്തരെ

അസ്ഥികൾക്ക് ഒടിവുണ്ടോയെന്ന് കണ്ടെത്താൻ എക്‌സ്‌റേ സൗകര്യമില്ലാത്തതിനാൽ, അപകടത്തിൽപ്പെട്ട് എരുമേലി സാമൂഹികാരോഗ്യകേന്ദ്രത്തിലെത്തിച്ച ഭക്തരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം എരുമേലിയിലെ സർക്കാർ ആശുപത്രികളിൽ മണ്ഡലകാലത്ത് ചികിത്സ തേടിയത് 20810 ഭക്തർ.

ഇതിൽ കൂടുതൽപേരും എത്തിയത് അലർജി, ശ്വാസകോശരോഗങ്ങൾ, കൈകാൽ വേദന എന്നിവയുമായി. എരുമേലി സാമൂഹികാരോഗ്യകേന്ദ്രം- 1503, താത്കാലിക ഡിസ്‌പെൻസറി- 13442, കാളകെട്ടി ഡിസ്‌പെൻസറി- 2222, മൊബൈൽ ക്ലിനിക്- 1690, ഓക്‌സിജൻ പാർലറുകൾ- 1953 എന്നിങ്ങനെയാണ് ചികിത്സ തേടിയ ഭക്തരുടെ കണക്ക്. മതിയായ ചികിത്സാ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ 103 പേരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലേക്ക് റെഫർ ചെയ്തു.