വൈക്കം: ഉദയനാപുരം ചാത്തൻകുടി ദേവീക്ഷേത്രത്തിൽ നടത്തുന്ന കനകധാര യജ്ഞത്തിന്റെയും ലക്ഷാർച്ചനയുടെയും ദീപ പ്രകാശനം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി നിർവഹിച്ചു. ആമേടമംഗലം ശ്രീധരൻ നമ്പൂതിരി, വൈക്കം ക്ഷേത്രം മേൽശാന്തി ടി.ഡി.നാരായണൻ നമ്പൂതിരി, ഇണ്ടംതുരുത്തി നീലകണ്ഠൻ നമ്പൂതിരി , മോനാട്ടില്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മോനാട്ടില്ലത്ത് ചെറിയ കൃഷ്ണൻ നമ്പൂതിരി, മേൽശാന്തി സുധീഷ് നമ്പൂതിരി എന്നിവർ പങ്കെടുത്തു. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കാനുള്ള മഹാലക്ഷ്മിയുടെ വിഗ്രഹം ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയിൽനിന്ന്‌ രഥത്തിൽ യജ്ഞവേദിയിലേക്ക് എഴുന്നെള്ളിച്ചു.

എട്ടുദിവസം നീളുന്ന കലാപരിപാടികൾക്ക് കലാമണ്ഡപത്തിൽ സംയുക്ത എൻ.എസ്.എസ്. കരയോഗം ജനറൽ കൺവീനർ മാധവൻകുട്ടി കറുകയിൽ ഉദ്ഘാടനം ചെയ്തു. തിങ്കളാഴ്ച രാവിലെ സൂര്യകാലടിമന സൂര്യൻ പരമേശ്വരൻ ഭട്ടതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ മഹാ ഗണപതിഹോമവും തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ കലശപൂജയും നടത്തും. ആറുമുതൽ 11വരെ കനകധാരാ യജ്ഞവും ലക്ഷാർച്ചനയും നടത്തും. 12. 30-ന് പ്രസാദമൂട്ടും ഉണ്ട്. വൈകീട്ട് ഏഴിന് മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെ ‘കണ്ണന്റെ കാരുണ്യം’എന്ന വിഷയത്തിൽ പ്രഭാഷണവും നടക്കും.