ഏറ്റുമാനൂർ: പണമിടപാട് സംബന്ധിച്ച് തർക്കത്തെത്തുടർന്ന് കാണക്കാരിയിൽ ഹോട്ടലുടമയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ച സംഭവം ആസൂത്രിതമെന്ന് നിഗമനം. കാണക്കാരി അമ്പലക്കവല അപ്പൂസ് ഹോട്ടലുടമ കോതനല്ലൂർ പാലത്തടത്തിൽ ദേവസ്യാ (അപ്പച്ചൻ-60), തീ കൊളുത്തിയ കാണക്കാരി പൊന്നാമ്മക്കൽ ബേബി (65) എന്നിവർക്കാണ് പൊള്ളലേറ്റത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന ഇരുവരും അപകടനില തരണംചെയ്തു. ഇവരെ വാർഡിലേക്ക്‌ മാറ്റി. പ്രതിക്ക്‌ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.

കത്തിനശിച്ച ഹോട്ടലിൽ സയന്റിഫിക് ഓഫീസർ സി.എസ്‌.ഗ്രീഷ്മ, കടുത്തുരുത്തി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഞായറാഴ്ച പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിന് ദൃക്‌സാക്ഷിയായ ഹോട്ടൽ മാനേജർ മായയുടെ മൊഴി രേഖപ്പെടുത്തി.

ആസൂത്രിതമെന്ന് സംശയം

േദവസ്യായെ കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ബേബി കടയിലെത്തിയതെന്നാണ് സൂചന. ഇയാളുടെ കൂടെ മറ്റെരാളും ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. പെട്രോളുമായി കടയിലേക്ക് കയറരുതെന്ന് കൂടെയുണ്ടായിരുന്നയാൾ പറഞ്ഞെങ്കിലും ബേബി സമ്മതിച്ചില്ല. തുടർന്ൻ ഇയാൾ തിരികെ പോയി. ക്യാഷ് കൗണ്ടറിലിരുന്ന മാനേജർ മായയുടെ കൈവശം ബേബി ഒരു കവർ നൽകിയിരുന്നു. എന്നാൽ, തുറന്നുനോക്കാൻ സാധിച്ചില്ല. തീപിടുത്തത്തിൽ അത് കത്തിനശിച്ചു.

വെള്ളിയാഴ്ച രാത്രി കടയിലെത്തിയ ബേബിയെ പിറ്റേന്ന് രാവിലെ വരാൻ പറഞ്ഞ് ദേവസ്യാ തിരിച്ചയച്ചിരുന്നു. ശനിയാഴ്ച രാവിലെ ബേബി പ്ലാസ്റ്റിക് കവറിനുള്ളിൽ കന്നാസിൽ പെട്രോളുമായി എത്തുകയായിരുന്നു. തീ കൊളുത്താൻ ഉപയോഗിച്ച ലൈറ്ററും കടയിൽനിന്ന്‌ ലഭിച്ചു. ശനിയാഴ്ച രാവിലെ ഒൻപതുമണിയോടെ കടയിലെത്തിയ ബേബി തർക്കത്തിനിടയിൽ കന്നാസിലെ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഈ സമയം കടയിലുണ്ടായിരുന്നവർ ഇറങ്ങിയോടി. കട പൂർണമായും കത്തിനശിച്ചു.

ബേബിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം ദേവസ്യാ വാടകയ്ക്കെടുത്തിരുന്നു. കെട്ടിടം ലക്ഷങ്ങൾ മുടക്കി നവീകരിച്ച് ഹോട്ടൽ തുടങ്ങിയെങ്കിലും കച്ചവടം കുറവായതിനെത്തുടർന്ന് തൊട്ടടുത്ത കെട്ടിടത്തിലേക്ക്‌ ഹോട്ടൽ മാറ്റി. ബേബിയുടെ കെട്ടിടം നവീകരിച്ച തുക തിരികെ വേണമെന്ന് ദേവസ്യാ ആവശ്യപ്പെട്ടിരുന്നു. കെട്ടിടം ഒഴിയാനും തയ്യാറായില്ല. ഇതേത്തുടർന്നാണ് ബേബി പെട്രോളൊഴിച്ച് ദേവസ്യായെ കൊലപ്പെടുത്താൻ ശ്രമിച്ചത്. കുറവിലങ്ങാട് പോലീസാണ് കേസ് അന്വേഷിക്കുന്നത്.