ഈരാറ്റുപേട്ട: പുതിയ വർഷം പുതിയ ഈരാറ്റുപേട്ട എന്ന ലക്ഷ്യവുമായി നഗരസഭ ആവിഷ്‌കരിച്ച മാലിന്യ നിർമാർജന പ്രവർത്തനങ്ങൾക്കു തുടക്കമായി. നഗരസഭാധ്യക്ഷൻ വി.എം.സിറാജ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ പി.എച്ച്. ഹസീബ് അധ്യക്ഷത വഹിച്ചു.

നിസാർ കുർബാനി, വി.പി.നാസർ, ടി.എം.റഷീദ്, കെ.പി.മുജീബ്, അൻവർ അലിയാർ തുടങ്ങിയവർ പ്രസംഗിച്ചു. ആദ്യഘട്ടമെന്ന നിലയിൽ നന്മക്കൂട്ടം പ്രവർത്തകർ മീനച്ചിലാർ ശുചീകരിച്ചു. ഹരിതകർമ സേനാംഗങ്ങൾ വീടുകൾ കയറിയിറങ്ങി ബോധവത്കരണ നോട്ടീസുകൾ വിതരണം ചെയ്തു. ഉറവിട മാലിന്യ സംസ്‌കരണ സാമഗ്രികൾ വേണ്ടവരുടെ അപേക്ഷകളും സ്വീകരിക്കും.

മീനച്ചിലാറ്റിലേക്കും തോടുകളിലേക്കും മാലിന്യ മൊഴുക്കുന്നവർക്കെതിരേ നോട്ടീസ് കൊടുത്തു. ഈരാറ്റുപേട്ടയിലെ ലോഡ്ജുടമകളുടെ യോഗം തിങ്കളാഴ്ച 11-ന് നഗരസഭാഹാളിൽ ചേരും.ജനുവരി ഒന്ന് മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരും. അന്ന് മുതൽ സ്‌പോൺസർമാരുടെ സഹകരണത്തോടെ തുണിസഞ്ചികൾ വീടുകളിലെത്തിക്കാനും നടപടിയായി.