കോട്ടയം: ഏറ്റവും ഉയർന്നവിലയ്ക്ക് സിമൻറ് വിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്നും സാധാരണക്കാർക്ക് ന്യായവിലയ്ക്ക് സപ്ലൈകോ വഴി സിമൻറ് നൽകുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പി. തിലോത്തമൻ.

സിവിൽ സപ്ലൈസ് കോർപ്പറേഷൻറെ ക്രിസ്മസ് ജില്ലാ ഫെയർ കോട്ടയം സപ്ലൈകോ കോംപ്ലക്സിൽ ഉദ്ഘാടനം ചെയ്യുമ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സവാള ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നതിന് സർക്കാർ ശ്രമിച്ചുവരികയാണെന്നും ലഭ്യമായ സ്ഥലങ്ങളിൽനിന്നെല്ലാം ഇവ സംസ്ഥാന വിപണിയിൽ എത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ജനങ്ങൾക്ക് ആവശ്യമുള്ള ഉത്പന്നങ്ങളെല്ലാം വിൽപ്പന നടത്തുന്ന തലത്തിലേക്ക് സിവിൽ സപ്ലൈസ് കോർപ്പറേഷനെ ഉയർത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. അധ്യക്ഷനായി. മുനിസിപ്പൽ കൗൺസിലർ എസ്. ഗോപകുമാർ ആദ്യ വിൽപ്പന നിർവഹിച്ചു. സപ്ലൈകോ റീജണൽ മാനേജർ ബി. ഓമനക്കുട്ടൻ, ജില്ലാ സപ്ലൈ ഓഫീസർ സി.എസ്. ഉണ്ണികൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.