പാലാ: ഗ്രീൻടൂറിസം പദ്ധതിയിൽപ്പെടുത്തി പാലാ ടൗൺ ബസ്‌സ്റ്റാൻഡിന് സമീപം നടത്തുന്ന നിർമാണം പുറമ്പോക്കുഭൂമിയിൽ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ. ഇതേത്തുടർന്ന് റവന്യൂ വകുപ്പിന്റെ നിർദേശപ്രകാരം ളാലം വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി നിർമാണം നിർത്തിവപ്പിച്ചു. നിർമാണം അവസാനഘട്ടത്തിലെത്തിയിരുന്നു. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്താണ് നിർമാണം നടത്തിയത്. തോടു പുറമ്പോക്കിൽ നിർമാണം നടത്താൻ നഗരസഭയുടെ അനുമതി മാത്രമാണ് ആവശ്യം. എന്നാൽ ആറ്റുതീരത്ത് നിർമാണം നടത്തുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതിയും വേണം. പരിസ്ഥിതി പ്രശ്‌നങ്ങൾ കണക്കിലെടുത്താണ് റവന്യൂ വകുപ്പ് അനുമതി നൽകുന്നത്. എന്നാൽ യാതൊരു അനുമതിയും ഇല്ലാതെയാണ് ടൂറിസം വകുപ്പ് നിർമാണം നടത്തിയതെന്ന് റവന്യൂ വകുപ്പ് പറയുന്നു.

നിർമാണം നടക്കുന്നത്

പദ്ധതിയുടെ ഭാഗമായി മീനച്ചിലാറും ളാലം തോടും സംഗമിക്കുന്ന ടൗൺ ബസ് സ്റ്റാൻഡിനു സമീപം തൂക്കുപാലം മാതൃകയിലുള്ള ഇരുമ്പുപാലം നിർമിച്ചു. പാലത്തിനു പുറമെ അമിനിറ്റി സെന്റർ, ചെറിയ പാർക്ക്, നടപ്പാത എന്നിവയുടെ നിർമാണവും അവസാനഘട്ടത്തിലാണ്. ടൗൺ ബസ് സ്റ്റാൻഡിൽ നിന്നാണ് പാലത്തിലേക്ക്‌ പ്രവേശനം. പാലായിലെ പ്രശസ്തമായ കുരിശുപള്ളിയുടെ മാതൃകയിലാണ് പാലത്തിന്റെ പ്രവേശന കവാടം. രണ്ടു മീറ്റർ വീതിയും 30 മീറ്റർ നീളവുമാണ് പാലത്തിനുള്ളത്. ഇൻഫർമേഷൻ സെന്ററും ഉണ്ടാകും. മീനച്ചിലാറും ളാലം തോടും സംഗമിക്കുന്നിടത്ത് വ്യു പോയിന്റുമുണ്ടാകും. പാലത്തിന്റെയും പാർക്കിന്റെയും മനോഹാരിത വർധിപ്പിക്കാനായി രാത്രിയിൽ ലൈറ്റ് സംവിധാനം ഒരുക്കുവാനും പദ്ധതിയുണ്ട്. സായാഹ്നം ചെലവഴിക്കാനും കുട്ടികൾക്ക് ഉല്ലാസസ്ഥലമൊരുക്കാനും ഉതകുംവിധമാണ് പദ്ധതി. കെ.എം.മാണി മന്ത്രിയായിരുന്നപ്പോളാണ് ബജറ്റിൽ ഇതിനായി തുക അനുവദിച്ചത്.

മറ്റ്‌ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന കവാടം

ജില്ലയുടെ കിഴക്കൻ ഭാഗങ്ങളിൽ നടക്കുന്ന ഗ്രീൻ ടൂറിസം പദ്ധതിയുടെ തുടക്കസ്ഥലമെന്നനിലയിലാണ് ഇവിടെ കേന്ദ്രം നിർമിക്കുന്നത്. ഇതോടൊപ്പം നഗരസൗന്ദര്യവത്കരണത്തിനും പദ്ധതിയിട്ടിരുന്നു. വാഗമൺ, ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽകല്ല്, മാർമല എന്നീ സഞ്ചാരകേന്ദ്രങ്ങളിലേക്കും ഭരണങ്ങാനം, രാമപുരം, അരുവിത്തുറ, നാലമ്പലം തങ്ങൾപാറ തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലേക്കും എത്തുന്ന സഞ്ചാരികൾക്ക് പുതിയ അമിനിറ്റി സെന്റർ ഉപകാരപ്രദമാകും.

ഭരണാനുമതി ലഭിച്ചതിനാൽ നിർമാണം നടത്തി

സർക്കാർതലത്തിൽ ഭരണാനുമതി പദ്ധതിക്ക് ലഭിച്ചതിനാലാണ് ഇവിടെ ആവശ്യമായ നിർമാണം നടത്തിയതെന്ന് ഗ്രീൻ ടൂറിസം പദ്ധതിയുടെ നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥർ പറയുന്നു. റവന്യൂ വകുപ്പിന്റെ സ്റ്റോപ്പ് മെമ്മോ സാങ്കേതിക പ്രശ്‌നം മാത്രമാണ്. അത് ഉടൻ പരിഹരിക്കുമെന്നും പറഞ്ഞു.