പൈക: ശബരിമല തീർഥാടകർ സഞ്ചരിച്ച വാൻ ഇടിച്ചുണ്ടായ അപകടത്തിൽ മറ്റ് നാലുവാഹനങ്ങൾക്ക് നാശം. പാലാ-പൊൻകുന്നം റോഡിൽ പൈക ആശുപത്രിപ്പടിയിൽ നടന്ന അപകടത്തിൽ രണ്ട് ഓട്ടോറിക്ഷ തകർന്നു. ഒരു വാനും ബൈക്കും അപകടത്തിൽപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഓട്ടോഡ്രൈവർമാരായ ഉരുളികുന്നം കാഞ്ഞമല സോവിൻ(35), ദീപു കുരുമ്പക്കാട്ട്(32), ഓട്ടോയിലെ യാത്രക്കാരൻ ഉരുളികുന്നം ഇല്ലിക്കോൺ തുണ്ടിയിൽ സിജി(42) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും തെള്ളകത്ത് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. എറണാകുളത്തുനിന്ന് ശബരിമലയ്ക്കു പോകുകയായിരുന്ന തീർഥാടക സംഘം സഞ്ചരിച്ച വാനാണ് അപകടമുണ്ടാക്കിയത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് കാരണമെന്ന് കരുതുന്നു. അരിക് തെറ്റിച്ചെത്തിയ വാൻ ആശുപത്രിപ്പടിയിലെ ഓട്ടോസ്റ്റാൻഡിൽ ദീപുവിന്റെ ഓട്ടോയിലാണ് ആദ്യമിടിച്ചത്. ഈ ഓട്ടോ വട്ടംതിരിഞ്ഞ് അവിടെ നിർത്തിയിട്ടിരുന്ന വാനിലിടിച്ചു. ഇതേസമയം തീർഥാടകരുടെ വാൻ ചെങ്ങളം റോഡിൽനിന്നിറങ്ങിവരികയായിരുന്ന സോവിന്റെ ഓട്ടോറിക്ഷയിലുമിടിച്ചു. വഴിയരികിലിരുന്ന ഇരുചക്രവാഹനത്തിനും നാശമുണ്ടായി.